ദിവ്യയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ്
Thursday, December 19, 2024 2:23 AM IST
തലശേരി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബു ജീവനൊടുക്കിയ കേസിൽ സിപിഎം നേതാവും മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ് ലഭിച്ചു.
ഇളവുപ്രകാരം കണ്ണൂർ ജില്ല വിട്ടുപോകുന്നതിന് തടസമില്ല. ജില്ലാപഞ്ചായത്ത് യോഗങ്ങളിലും പങ്കെടുക്കാം. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ആവശ്യപ്പെട്ടാൽ മാത്രം ഹാജരായാൽ മതിയെന്നും കോടതി ഉത്തരവിട്ടു.
പി.പി. ദിവ്യ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അഡ്വ. കെ. വിശ്വൻ മുഖേന നൽകിയ ഹർജിയിലാണു കോടതി ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകിയത്.
എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തു മുതൽ11 വരെ അന്വഷണ ഉദ്യാഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും ജില്ല വിട്ടുപോകരുതെന്നുമായിരുന്നു ജാമ്യം നൽകിയപ്പോൾ കോടതി വ്യവസ്ഥ വച്ചിരുന്നത്.