പരദേശിയായി ജീവിച്ച ഉണ്ണീശോ
Thursday, December 19, 2024 2:23 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്
ദൈവപുത്രനായ ഈശോമിശിഹ ജനിച്ച രാഷ്ട്രീയ-മത-സാമൂഹിക സാഹചര്യം തീർത്തും പ്രതികൂലമായിരുന്നു. എരിതീയിൽ എണ്ണ എന്നപോലെ ഹേറോദേസ് രാജാവിന്റെ കൊട്ടാരത്തിൽ യഹൂദരുടെ രാജാവാകാനിരിക്കുന്ന ശിശുവിനെ അന്വേഷിച്ചുള്ള ജ്ഞാനികളുടെ വരവ് ശിശുവായ ഉണ്ണീശോയുടെ ജീവൻതന്നെ ഒരർഥത്തിൽ അപകടത്തിലാക്കി. രാജാവാകാനിരിക്കുന്ന ശിശുവിനെക്കുറിച്ചുള്ള അന്വേഷണം ഹേറോദേസ് രാജാവിനെ അസ്വസ്ഥനാക്കി.
വംശീയനായി ഇസ്രയേൽക്കാരനോ ദാവീദിന്റെ വംശമായ യൂദാഗോത്രക്കാരനോ അല്ലാതിരുന്നതുകൊണ്ടാണ് ദാവീദ് രാജാവിന്റെ വംശപരന്പരയിൽ ബേത്ലഹേമിൽ ഒരു ഭാവി രാജാവ് ജനിച്ചിരിക്കുന്നുവെന്ന് കേട്ടപ്പോൾ ഹേറോദേസ് രാജാവ് പരിഭ്രാന്തനായത്.
ഭാവിയിൽ തനിക്കും തന്റെ തലമുറയ്ക്കും അധികാരനഷ്ടം സംഭവിക്കാൻ ഇടയുണ്ടെന്നു മനസിലാക്കിയ ക്രൂരനായ ഹേറോദേസ് അതിക്രൂരമായി രണ്ടും രണ്ടു വയസിനു താഴെയും പ്രായമുള്ള ശിശുക്കളെ വധിക്കാൻ കല്പന പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് ദൈവികപ്രേരണയനുസരിച്ച് ഉണ്ണീശോയെയും കന്യകമാതാവിനെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്തത്. കഠിനമായ യാത്ര. സുരക്ഷിതമല്ലാത്ത വഴി.
ഭക്ഷണപാനീയങ്ങളുടെ ലഭ്യതക്കുറവ്, വിചിത്രമായ ആചാരാനുഷ്ഠാനങ്ങൾ, വ്യത്യസ്തമായ സംസ്കാരവും ഭാഷയും. ഒപ്പം പരിചിതരല്ലാത്ത ആളുകളും അവരുടെ ഭക്ഷണരീതികളും വേഷഭൂഷാദികളും. ഭയാനകവും അപരിചിതവുമായ ഈജിപ്തിലേക്കാണ് ഉണ്ണീശോ പരദേശിയായി കടന്നുചെല്ലുന്നത്. പരദേശവാസം പ്രവാസിയായാലും സഞ്ചാരിയായാലും അഭയാർഥിയായാലും ഇന്നത്തെപ്പോലെ അന്നും എളുപ്പമല്ല.
ഉണ്ണീശോ പരദേശിയായി ജീവിച്ച സാഹചര്യം ധ്യാനിക്കുന്പോൾ എന്തുകൊണ്ട് ഒരു പൗരൻ പ്രവാസിയും അഭയാർഥിയുമാകുന്നുവെന്നത് ചിന്തനീയമായ ഒരു അന്തർദേശീയ യാഥാർഥ്യമാണ്. ഒരുവന്റെ സ്വന്തം രാജ്യത്ത് സുരക്ഷിതമായ സാമൂഹിക- രാഷ്ട്രീയ സാഹചര്യവും തൊഴിൽസാധ്യതയും സാന്പത്തികഭദ്രതയും മതസ്വാതന്ത്ര്യവും ഉണ്ടെങ്കിൽ സാധാരണഗതിയിൽ ആരും അന്യദേശത്തുപോയി അറിയാത്ത ഭാഷയോടും സംസ്കാരത്തോടും കാലാവസ്ഥയോടും ഭക്ഷണരീതികളോടും മല്ലിടാറില്ല.
ക്രൂരനായ ഹേറോദേസ് രാജാവ് സൃഷ്ടിച്ച ഭയാനകമായ രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു ഉണ്ണീശോയ്ക്ക് പ്രവാസിയായി ഈജിപ്തിലേക്കു പോകേണ്ടിവന്നതെങ്കിൽ ഇന്നു നമ്മുടെ കേരളത്തിൽനിന്നും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും യുവാക്കൾ രാജ്യംവിട്ട് പ്രവാസികളായി പോകുന്നത് സ്വന്തം രാജ്യത്തിലെ തൊഴിലവസരങ്ങളുടെ കുറവും സാന്പത്തിക രാഷ്ട്രീയ അസ്വസ്ഥതകളും തന്നെയല്ലേ അതിനു കാരണം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
സന്പന്നർ കൂടുതൽ സന്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന സാന്പത്തിക വ്യവസ്ഥയും വർധിച്ചുവരുന്ന മത-രാഷ്ട്രീയ അസ്വസ്ഥതകളും നമ്മുടെ രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷകൾക്കൊത്ത് ജീവിക്കാൻ പറ്റാത്ത ഇടമാക്കുകയും പ്രവാസിജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു എന്നത് യാഥാർഥ്യമാണ്.
മാന്യമായി ജോലിചെയ്തു ജീവിക്കുന്നവരുടെ തൊഴിലും കിടപ്പാടവും പിടിച്ചെടുത്ത് പൗരന്റെ ജീവിതം ഗോഡൗണുകളിലാക്കി തുറമുഖവും വിമാനത്താവളവും പണിയുന്ന അനീതി നിറഞ്ഞ വികസനരീതികളും, പണംകൊടുത്തു വാങ്ങിയ ഭൂമിയിൽനിന്ന് ഇറക്കിവിടുമെന്ന ഭയത്തിൽ ജീവിക്കേണ്ടിവരുന്ന സാഹചര്യങ്ങളും, തെരഞ്ഞെടുപ്പുകാലത്തെ പൊള്ളയായ വാഗ്ദാനങ്ങളും, അവസരവാദ രാഷ്ട്രീയവും അനീതി നിറഞ്ഞ മറ്റനവധി സാഹചര്യങ്ങളും, പ്രവാസജീവിതത്തിന് യുവാക്കളെ പ്രേരിപ്പിക്കുന്നുണ്ടോയെന്ന് പ്രവാസിയായ ഉണ്ണീശോയെ ധ്യാനിക്കുന്പോൾ നമുക്കു വിചിന്തനം ചെയ്യാം.