ഡോ. വന്ദനയുടെ കൊലപാതകം :ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
Saturday, May 13, 2023 1:11 AM IST
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദനയുടെ കൊലപാതകത്തെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം ആരംഭിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം. എം. ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. റൂറൽ എസ്പി എം. എൽ. സുനിലിനാണ് മേൽനോട്ടം.
കേസുമായി ബന്ധപ്പെട്ട അന്വേഷണ നടപടിയിൽ പോലീസിനെതിരേ ആരോപണമുയർന്നിരുന്നു.എഫ്ഐആറിൽ തിരിമറി നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. പ്രതിയെ ആശുപത്രിയിൽ പോലീസ് എത്തിച്ച സമയം, അക്രമം നടന്ന സമയം എന്നിവ രേഖപ്പെടുത്തിയതിൽ കൃത്യതയില്ലെന്നാണ് ആക്ഷേപം.
പ്രതിയെ നിയന്ത്രിക്കേണ്ടിയിരുന്ന പോലീസിനെ രക്ഷിച്ചെടുക്കാൻ വേണ്ടി തയാറാക്കിയതാണ് എഫ് ഐ ആർ എന്നും ആരോപണമുയർന്നിരുന്നിരുന്നു. വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറാൻ പോലീസ് നേതൃത്വം തയാറായത്. ഇന്നലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയിരുന്നു.
സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽനിന്ന് അനൗദ്യോഗികമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആശുപത്രി സൂപ്രണ്ടിൽനിന്നും വിവരശേഖരണം നടത്തി.
അധ്യാപകനായ പ്രതി കുടവട്ടൂർ ശ്രീനിലയത്തിൽ സന്ദീപ് പുലർച്ചെ പോലീസ് എത്തുമ്പോൾ ശാന്തനായിരുന്നു എന്നാണു മൊഴി. ഡ്രസിംഗ് റൂമിലെത്തിച്ച് മുറിവ് വൃത്തിയാക്കുന്നതിനിടെ പുറത്തേക്ക് ഇറങ്ങിപ്പോയി. ഇയാൾ ഒപ്പമെത്തിയ ബന്ധു രാജേന്ദ്രൻ പിള്ളയെയാണ് ആദ്യം ആക്രമിച്ചത്.
സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകനും സിപിഎം പ്രാദേശിക നേതാവുമായ ബിനുവിനെയാണ് ആദ്യം കുത്തി പരിക്കേൽപ്പിച്ചതെന്ന് ചില ജീവനക്കാർ വിശദീകരിച്ചിട്ടുണ്ട്. ഡ്രസിംഗ് റൂമിൽനിന്നു പുറത്തിറങ്ങിയ പ്രതി ആരെങ്കിലുമായി തർക്കത്തിലേർപ്പെട്ട് പ്രകോപിതനായതാണോ എന്ന സംശയം അന്വേഷണസംഘത്തിനുണ്ട്.
നാട്ടിൽ അയൽവീടിന്റെ മതിൽ ചാടി കടന്നെത്തിയ പ്രതി അവിടെ ബഹളം വയ്ക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. കാലിനു പരിക്കേറ്റതോടെയാണ് ഇയാൾ പോലീസിനെ വിവരമറിയിക്കുന്നതും പോലീസെത്തി ആശുപത്രിയിലെത്തിക്കുന്നതും.
ഈ വീട്ടിൽ വച്ച് ഇയാൾക്ക് മർദനമേറ്റോ എന്ന കാര്യവും അന്വേഷണപരിധിയിലാണ്. തന്നെ ചിലർ കൊല്ലാൻ വരുന്നതായി, ജോലി ചെയ്യുന്ന സ്കൂൾ പ്രഥമാധ്യാപികയ്ക്ക് ഇയാൾ സന്ദേശമയച്ചിരുന്നതായി ഫോൺ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രിയിൽവച്ച് മുറിവ് പരിശോധിക്കുന്ന ദൃശ്യങ്ങൾ ഒരു സുഹൃത്തിനും വാട്സ് ആപ് വഴി കൈമാറിയിട്ടുണ്ട്. ഇവരുടെയെല്ലാം ഫോണുകൾ പരിശോധിച്ച് വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കും.
ഇന്നലെ കൊട്ടാരക്കര താലൂക്ക് ആശുപത്രി സാധാരണ നിലയിലേക്ക് എത്തി. ഒപിയുടെ പ്രവർത്തനം പുനരാരംഭിച്ചു. എന്നാൽ രോഗികൾ വളരെ പരിമിതമായിരുന്നു.