ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷ ആറ് ശതമാനത്തില്‍ താഴെ മാത്രം കേസുകളില്‍!
ബിനു ജോര്‍ജ്
Monday, February 10, 2025 4:18 AM IST
കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടു പോലീസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ക്കു പിന്നീട് എന്തു സംഭവിക്കുന്നു? ബഹുഭൂരിപക്ഷം പ്രതികളും ജയിലില്‍ ഉണ്ടതിന്നു ജീവിക്കുന്നുവെന്നു കരുതിയാല്‍ തെറ്റി. ശക്തമായ പ്രതിഷേധമുയരുമ്പോഴുണ്ടാകുന്ന അറസ്റ്റും കോലാഹലവും മാത്രമാണു മിച്ചം.
ബഹുഭൂരിപക്ഷം കേസുകളിലും പ്രതികള്‍ രക്ഷപ്പെടുന്നുവെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇരകളിലും അന്വേഷണ ഉദ്യോഗസ്ഥരിലും സ്വാധീനവും സമ്മര്‍ദവും ചെലുത്തി പ്രതികള്‍ കേസുകളില്‍നിന്ന് ഊരിപ്പോകുന്ന പ്രവണത വര്‍ധിച്ചുവരുകയാണെന്ന് 2016 മുതല്‍ 2024 വരെയുള്ള പോലീസിന്റെതന്നെ കണക്കുകളാണ് വ്യക്തമാക്കുന്നത്. സമൂഹത്തിന്റെ തുറിച്ചുനോട്ടവും കുത്തുവാക്കുകളും സഹിച്ച് നീതിക്കുവേണ്ടി വര്‍ഷങ്ങളോളം അലയാന്‍ പല അതിജീവിതകളും തയാറാകുന്നില്ല. ഇതെല്ലാം അനുകൂലമാകുന്നത് സ്ത്രീപീഡകര്ക്കാണ്.
2016 മെയ് 25 മുതല്‍ 2025 ജനുവരി 17 വരെയുള്ള കാലയളവില്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്തത് 1,48,250 ലൈംഗികാതിക്രമ കേസുകളാണ്. ഇതില്‍ 121635 കേസുകളിലെ പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞു. ഈ കാലയളവില്‍ ഇത്രയും കേസുകളിലായി മരണമടഞ്ഞത് 871 പേരാണ്. 36,656 പേര്‍ക്കു പരിക്കേറ്റു. പതിനായിരങ്ങള്‍ക്കു പരിക്കേറ്റിട്ടും നൂറുകണക്കിനു പേര് മരണമടഞ്ഞിട്ടും കോടതികളില്‍ തീര്‍പ്പായതും ശിക്ഷിക്കപ്പെട്ടതുമായ കേസുകളുടെ എണ്ണം 8,471 മാത്രംമാണ്, വെറും 5.72 ശതമാനം!
കഴിഞ്ഞ ഒന്‍പതു വർഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2023 ലാണ്-20,975. ഇതില്‍ 20,000 കേസുകളിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പക്ഷേ 600 കേസുകളിലെ പ്രതികള്‍ മാത്രമാണു ശിക്ഷിക്കപ്പെട്ടത്. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ലെങ്കിലും ഏറ്റവും കുറവ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്. 2024ല്‍ രജിസ്റ്റര്‍ ചെയ്ത 19,786 കേസുകളില്‍ 211 കേസുകളിലെ പ്രതികള്‍ക്കു മാത്രമാണ് ശിക്ഷ ലഭിച്ചത്.
വര്‍ഷം, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, ശിക്ഷിക്കപ്പെട്ട കേസുകളുടെ എണ്ണം യഥാക്രമം ചുവടെ
2016: 9071-1003 (25-05-2016 മുതല്‍)
2017: 14886- 1445
2018: 15431 -1219
2019: 15624 -1205
2020: 13497-906
2021: 17847 -979
2022: 20194- 888
2023: 20975 -600
2024: 19786-211
2025: 939 -15 (17-01-2025 വരെ)