സ്വകാര്യ ബസുകളുടെ നികുതി കുറയ്ക്കും; ടൂറിസ്റ്റ് വാഹനങ്ങളുടേത് ഏകീകരിക്കും
Saturday, February 8, 2025 3:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വകാര്യ ബസുകളുടെ (സ്റ്റേജ് കാരേജ്) ത്രൈമാസ നികുതിയിൽ 10% ഇളവ് അനുവദിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. സ്വകാര്യ ബസുകളുടെ നികുതിയിലെ ഇളവു മൂലം 9 കോടിയുടെ കുറവു ഖജനാവിനുണ്ടാകും.
വിനോദ സഞ്ചാര പ്രോത്സാഹത്തിനായി കോണ്ട്രാക്ട് കാരേജുകളായ ടൂറിസ്റ്റ് ബസുകളുടെ സീറ്റുകളുടെ ത്രൈമാസ നികുതി പുനഃക്രമീകരിച്ചു. വാഹൻ സോഫ്റ്റ്വേറിൽ കോണ്ട്രാക്ട് കാരേജ് വാഹനങ്ങളുടെ സീറ്റുകളുടെ തരത്തിനനനുസരിച്ച് പുനഃക്രമീകരിക്കും.
ഇലക്ട്രിക് വാഹന നികുതി വാഹന വിലയുടെ അടിസ്ഥാനത്തിലാക്കി
![](/newsimages/electriccar822025.jpg)
ഒറ്റത്തവണ നികുതി അടച്ചുവരുന്ന സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് 15 വർഷത്തെ നികുതിയായി ഈടാക്കി വന്നിരുന്ന 5% നികുതി വാഹന വിലയുടെ അടിസ്ഥാനത്തിൽ പുനർക്രമീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.
സ്വകാര്യ ആവശ്യത്തിനുപയോഗിക്കുന്ന നാലുചക്ര ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി അവയുടെ വിലയുമായി ബന്ധപ്പെടുത്തി പുനർ നിശ്ചയിക്കും. 15 ലക്ഷത്തിനു മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വാഹന വിലയുടെ 8% നികുതിയും 20 ലക്ഷത്തിന് മുകളിൽ വിലയുള്ളവയ്ക്ക് വണ്ടി വിലയുടെ 10% നികുതിയും ഈടാക്കും.
ബാറ്ററി വാടകയ്ക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് വിലയുടെ 10% നികുതിയും ഈടാക്കും. നികുതി വർധനയിലൂടെ 30 കോടി അധികവരുമാനമുണ്ടാകും.