ഹോ, എന്തൊരു ചൂട്...
Monday, February 10, 2025 4:18 AM IST
തിരുവനന്തപുരം: കുംഭ മാസമെത്തും മുൻപേ സംസ്ഥാനത്ത് പകൽച്ചൂട് കുതിച്ചുയരുന്നു. മിക്ക ജില്ലകളിലും ഉയർന്ന താപനിലയിൽ ശരാശരി രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ വർധനയുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ. വരും ദിവസങ്ങളിലും സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ആലപ്പുഴ, എറണാകുളം, കാസർഗോഡ്, പാലക്കാട് ജില്ലകളിലെ ഒന്നിലേറെ സ്ഥലങ്ങളിൽ ഇന്നലെ പകൽച്ചൂട് 40 ഡിഗ്രിക്കും മുകളിലെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
ആലപ്പുഴയിലെ കരുമാടിയിൽ 42.1 ഡിഗ്രിയും എറണാകുളം കളമശേരിയിൽ 45 ഡിഗ്രിയും കാസർഗോഡ് പാണത്തൂരിൽ 40.3 ഡിഗ്രിയും പാലക്കാട് 41.8 ഡിഗ്രിയും പാലക്കാട് മണ്ണാർക്കാട്ട് 42.5 ഡിഗ്രിയും ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത്.
മിക്ക ജില്ലകളിലും കഴിഞ്ഞ ഒരാഴ്ചയായി പകൽച്ചൂട് പിടിവിട്ടു കുതിക്കുകയാണ്. മിക്ക ജി്ല്ലകളിലെയും നിരവധിയിടങ്ങളിൽ പകൽച്ചൂട് 35 ഡിഗ്രി സെൽഷ്യസിനും മുകളിലാണ്.
കനത്ത ചൂടിനൊപ്പം മഴ കുറഞ്ഞതും കാർഷിക മേഖലയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ശൈത്യകാല മഴയിൽ 37 ശതമാനത്തിന്റെ കുറവാണ് ഇന്നലെ വരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കണ്ണൂർ, വയനാട് ജില്ലകളിൽ മഴക്കുറവ് 100 ശതമാനമാണ്. മലപ്പുറത്ത് 95 ശതമാനവും പാലക്കാട് 93 ശതമാനവും തൃശൂരിൽ 84 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. മഴക്കുറവ് രൂക്ഷമായി തുടർന്നാൽ ഇക്കുറി വേനൽ കടുക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്.