മദ്രസ അധ്യാപകര്‍ക്കു മാത്രം പലിശരഹിത ഭവനവായ്പ: വിവേചനപരമായ ഉത്തരവ് പിന്‍വലിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
Monday, February 10, 2025 4:18 AM IST
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് മുഖേന മദ്രസ അധ്യാപകര്‍ക്കു മാത്രമായി അഞ്ചു ലക്ഷം രൂപയുടെ പലിശരഹിത ഭവനവായ്പ പദ്ധതി അനുവദിച്ച സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ തീരുമാനം മതവിവേചനവും ഭരണഘടനാവിരുദ്ധവുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിവേചനപരമായ ഉത്തരവ് പിന്‍വലിക്കണമെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷമുള്പ്പെടെ ഇതര വിജ്ഞാപിത മതന്യൂനപക്ഷങ്ങളിലെ മതാധ്യാപകരെയും പലിശരഹിത ഭവനവായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ ഉത്തരവിറക്കണമെന്നുമാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ നിലപാട്.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് മുഖേന, മദ്രസ അധ്യാപക ക്ഷേമനിധിയില്‍ അംഗത്വമുള്ളവര്‍ക്കായി നല്കുന്ന ഭവനവായ്പ 2.5 ലക്ഷത്തില്‍നിന്ന് അഞ്ചു ലക്ഷമായി ഉയര്‍ത്തിയിരിക്കുന്നു എന്ന രീതിയിലാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, കെഎസ്എംഡിഎഫ്സി യുടെ വെബ്സൈറ്റിലുള്ള വിശദ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത് പലിശരഹിത വായ്പയാണെന്നു വ്യക്തമാണ്. മുസ്ലിമിതര ന്യൂനപക്ഷങ്ങളെക്കൂടി ഗുണഭോക്താക്കളായി പരിഗണിക്കുന്ന മറ്റൊരു ഭവനവായ്പാ പദ്ധതിക്ക് കൂടിയ നിരക്കില്‍ പലിശ ഈടാക്കുന്നുമുണ്ട്. ഇത് വിവേചനപരവും ന്യൂനപക്ഷ തത്വങ്ങളുടെ പച്ചയായ ലംഘനവുമാണ്.
മദ്രസ അധ്യാപകര്‍ക്കു മാത്രമായി പലിശരഹിത വായ്പ നല്കാന് ഉദ്ദേശിക്കുന്നെങ്കില്‍ അത് പൂര്‍ണമായും മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡാണ് നടപ്പിലാക്കേണ്ടത്. അതിനു പകരം ന്യൂനപക്ഷങ്ങളുടെ പൊതുവായ സംവിധാനങ്ങളിലേക്ക് അതിന്റെ ബാധ്യത അടിച്ചേല്പിക്കുന്നതും ഫണ്ട് വകമാറ്റുന്നതും യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ല.
എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ഗുണഭോക്താക്കളായ വിവിധ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളുടെ വിഹിതം സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നേര്‍പകുതിയായി വെട്ടിക്കുറച്ച സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്, പ്രത്യേക വിഭാഗക്കാര്‍ക്ക് മാത്രമുള്ള ഒരു പദ്ധതിയുടെ ഫണ്ട് നേരേ ഇരട്ടിയാക്കുന്ന വിരോധാഭാസമാണ് കാണുന്നത്. ഇത്തരം അനീതിപരമായ നടപടികളില്‍നിന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പും കോര്‍പറേഷനും പിന്മാറണം.
സര്‍ക്കാര്‍ പലിശരഹിത വായ്പാ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെങ്കില്‍, അതില്‍ ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ ന്യൂനപക്ഷ മതാധ്യാപകരെയും പരിഗണിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നേതൃയോഗത്തില്‍ പ്രസിഡന്റ് രാജീവ് ജോസഫ് അധ്യക്ഷത വഹിച്ചു. റവ. ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി.