സൂക്ഷ്മ, ചെറുകിട സംരംഭകർക്കു വലിയ പ്രാധാന്യം
Saturday, February 8, 2025 2:20 AM IST
കെ. പോൾ തോമസ് (എംഡി ആൻഡ് സിഇഒ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്)
കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ബജറ്റിൽ സൂക്ഷ്മ, ചെറുകിടസംരംഭകർക്കു വലിയ പ്രാധാന്യമാണു നൽകിയിട്ടുള്ളത്. ഇന്ത്യയെ കളിപ്പാട്ടനിർമാണ ഹബ്ബായി മാറ്റുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്റെ തുടർച്ചയായി, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലൂടെ പ്രാദേശികമായി കളിപ്പാട്ട ഉത്പാദനത്തിൽ പദ്ധതികൾ ആവിഷ്കരിക്കുമെന്നു ബജറ്റിൽ പറയുന്നു.
സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും കോ-വർക്കിംഗ് സ്പേസുകൾ നിർമിക്കാൻ അഞ്ചുശതമാനം പലിശനിരക്കിൽ 10 കോടി രൂപവരെ വായ്പയായി നൽകുന്ന ‘എക്സ്പാൻഡ് യുവർ ഓഫീസ്’ പദ്ധതി സംരംഭകമേഖലയെ ത്വരിതപ്പെടുത്തും.
കണ്ണൂർ, കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ പുതുതായി തുടങ്ങുന്ന ഐടി പാർക്കുകൾവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. സംസ്ഥാനത്തെ സർവകലാശാലകളും വ്യാപാരസ്ഥാപനങ്ങളുമായി ചേർന്ന് സഹകരിക്കുന്ന രീതിയിൽ സയൻസ് പാർക്കുകൾ സ്ഥാപിക്കുന്നതു വിജ്ഞാന സന്പദ്ഘടനയ്ക്ക് ഉണർവേകും.