മലയോരജനതയുടെ സംരക്ഷണം ലാഘവബുദ്ധിയോടെ കാണേണ്ട വിഷയമല്ല: കർദിനാൾ മാർ ക്ലീമിസ് ബാവ
Sunday, February 9, 2025 4:58 AM IST
നിലയ്ക്കൽ (പത്തനംതിട്ട): ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട സർക്കാരുകൾ, വന്യമൃഗ ശല്യം കാരണം മലയോര ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ ലാഘവത്തോടെയാണ് സമീപിക്കുന്നതെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിന്റെയും എക്യുമെനിക്കൽ ട്രസ്റ്റിന്റെയും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വിരുദ്ധ നിയമങ്ങൾ കൊണ്ടുവരാനും ലഭ്യമായ അവകാശങ്ങളിൽ കൈകടത്താനും വെട്ടിക്കുറയ്ക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തുന്ന നീക്കങ്ങൾ അപലപനീയമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു.
യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് െത്രാപ്പോലീത്ത, ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത എന്നിവർ ജൂബിലി സന്ദേശങ്ങൾ നൽകി. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ക്രൈസ്തവ സഭകളുടെ സാമൂഹിക പ്രതിബദ്ധത സംബന്ധിച്ച പ്രമേയം ബിഷപ് മാർ ജോസ് പുളിക്കൽ അവതരിപ്പിച്ചു. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശം നൽകി.
ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ബിഷപ് ഗീവർഗീസ് മാർ അപ്രേം, തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ, ആന്റോ ആന്റണി എംപി, കെ.യു. ജനീഷ് കുമാർ എംഎൽഎ, നിലയ്ക്കൽ ട്രസ്റ്റ് ട്രഷറാർ ഏബ്രഹാം ഇട്ടിച്ചെറിയ, സുരേഷ് കോശി, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ഫാ.ജോസഫ് വെള്ളമറ്റം, ഫാ.ജോർജ് തേക്കടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനങ്ങൾ അവസാനിപ്പിക്കണം
മത, ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനങ്ങള്‍ അവസാനിപ്പിക്കണമെന്നും നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് റൂബി ജൂബിലി സമ്മേളനം.
ക്രൈസ്തവ സഭകളുടെ സാമൂഹിക പ്രതിബദ്ധത എന്ന വിഷയത്തെ സംബന്ധിച്ചു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അവതരിപ്പിച്ച പ്രമേയമാണ് സമ്മേളനം അംഗീകരിച്ചത്.
ന്യൂനപക്ഷ സ്കോളര്ഷിപ്പുവിഹിതങ്ങള് വെട്ടിക്കുറയ്ക്കുന്ന നീക്കങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ജെ.ബി.കോശി ക്രൈസ്തവ പഠനറിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടണം. ജനസംഖ്യയില്‍ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ക്രൈസ്തവ, സിഖ്, ബുദ്ധര്‍, ജൈനര്‍, പാഴ്സി എന്നീ മതന്യൂനപക്ഷങ്ങളെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിച്ച് പ്രത്യേക ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ നീതി നിഷേധിക്കപ്പെട്ടിരിക്കുന്ന ദളിത് ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിച്ച് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും പ്രമേയം ആവശ്യപ്പെട്ടു. വന്യജീവികള്‍ മനുഷ്യരുടെ ജീവനെടുക്കുന്നു. ജീവനും സ്വത്തിനും സംരക്ഷണമേകേണ്ട ഭരണാധികാരികള്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറരുതെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഭരണഘടന പൗരന്മാര്ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ബോധപൂർവം നിഷേധിക്കുന്ന സാഹചര്യം ക്രൈസ്തവ സമൂഹം അനുഭവിച്ചു തുടങ്ങി. ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന നിയമനിർമാണ പ്രക്രിയകള്‍ ഏറെ ആശങ്കാജനകമാണ്. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ക്രൈസ്തവര്‍ക്കുനേരേ നടക്കുന്ന അക്രമങ്ങളെയും സമ്മേളനം അപലപിച്ചു.