പാര്‍ട്ടി അടിത്തറ ശക്തമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: കെ. സുധാകരന്
Monday, February 10, 2025 4:18 AM IST
കണ്ണൂര്‍: കോണ്‍ഗ്രസിന് അതിന്റെ ശക്തി തിരിച്ചുകൊണ്ടുവരണമെങ്കില്‍ പ്രാദേശിക യൂണിറ്റുകള്‍ ശക്തമാകണമെന്നും അതിനായി പ്രവര്‍ത്തകര്‍ ഒന്നിച്ച് രംഗത്തിറങ്ങണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. നേതാക്കൾ താഴെ തട്ടിലേക്ക് ഇറങ്ങി പ്രവർത്തിക്കാത്തതാണ് പ്രധാന പ്രശ്നം. കൂട്ടിമുട്ടിയാൽപോലും ഒന്നു ചിരിച്ചുകാണിക്കുന്ന മനോഭാവം പോലും പലർക്കുമില്ല. ഇതു ഗുരുതരമായ വീഴ്ചയിലേക്കാണ് പാർട്ടിയെ കൊണ്ടെത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക കണ്‍വന്‍ഷനും വാര്‍ഡ് പ്രസിഡന്റുമാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനും പൊതുജനസമ്പര്‍ക്കം ദൃഢമാക്കുന്നതിനും വേണ്ടിയാണ് സിയുസി എന്ന പേരില്‍ കമ്മിറ്റി രൂപവത്കരണമാരംഭിച്ചത്. പക്ഷേ, സിയുസി രൂപവത്കരണം പൂര്‍ണമായില്ല. സാങ്കേതികമായ ചില തടസങ്ങളുണ്ടായി എന്നല്ലാതെ സിയുസിയെ ഉപേക്ഷിച്ചിട്ടില്ല. നേതാക്കള്‍ക്കു അവരവരുടെ പ്രദേശങ്ങളിലെ ജനങ്ങളുമായി നല്ല ബന്ധമുണ്ടാകണം. പത്തു വീടുകള്‍ ചേര്‍ന്ന ഒരു യൂണിറ്റ് ഉണ്ടാക്കി ഓരോ വീട്ടിലും മാറി മാറി യോഗം ചേര്‍ന്ന് താഴേത്തട്ടിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണം.
അത്തരത്തില്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും സഹകരിക്കുകയും സഹായം ചെയ്യുകയും ചെയ്യുന്ന രീതിയാണ് സിയുസികൊണ്ട് ഉദ്ദേശിക്കുന്നത്.
കോണ്‍ഗ്രസിന്റെ അടിത്തറ ദൃഢമാക്കുകയാണു ലക്ഷ്യം. താഴേത്തട്ടിലെ പ്രവര്‍ത്തനം കൂടുതല്‍ കരുത്തുറ്റതാക്കി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം. ജനങ്ങളെ കൂടെനിര്‍ത്താന്‍ സാധിക്കുന്ന പാര്‍ട്ടിക്കേ നിലനില്പുള്ളൂവെന്ന് സുധാകരന് പറഞ്ഞു.