മുന്നറിയിപ്പുകൾ ബാക്കി; നഷ്ടമായത് 1.75 കോടി
സി.എസ്. ദീപു
Monday, February 10, 2025 4:18 AM IST
തൃശൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും തൃശൂർ ജില്ലയിൽ സാന്പത്തിക തട്ടിപ്പുകളിലൂടെ പുതുവർഷത്തിൽ നഷ്ടമായത് കോടികൾ. ഓഹരി വ്യാപാരം, ഓണ്ലൈൻ പാർട്ട് ടൈം ജോലി, കള്ളപ്പണം ഇടപാടിന്റെ പേരിൽ വർച്വൽ അറസ്റ്റ്, ബ്ലോക്ക് ട്രേഡിംഗ് എന്നിങ്ങനെ കബളിപ്പിച്ചാണ് യുവാക്കളും വയോധികരുമടക്കം നാലു പേരിൽനിന്ന് ഒന്നേമുക്കാൽ കോടിയിലേറെ തട്ടിയത്. പരാതിയിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.
ഗ്രേറ്റർ മുംബൈ പോലീസിൽനിന്നെന്ന പേരിൽ കഴിഞ്ഞ ഡിസംബറിലാണു പെരിങ്ങാവ് സ്വദേശിനിയായ വയോധികയുടെ വാട്സ്ആപ്പിൽ ഓഡിയോ കോൾ ലഭിച്ചത്. ഇവരുടെ ആധാർ നന്പർ ഉപയോഗിച്ചു റെന്റ്- എ കാർ എടുത്തെന്നും ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ആറുകോടിയുടെ കള്ളപ്പണ ഇടപാടു നടന്നെന്നും ഡിജിറ്റൽ അറസ്റ്റിലാണെന്നും ഭീഷണിപ്പെടുത്തി പല ഘട്ടങ്ങളിലായി 45,60,000 രൂപയാണു കവർന്നത്. ഡിസംബർ 13 മുതൽ 18 വരെയുള്ള ദിവസങ്ങളിലാണു പണം നൽകിയത്.
ഓഹരിവ്യാപാരത്തിന്റെ പേരിൽ ചാവക്കാട് മണത്തല സ്വദേശിയായ വയോധികന്റെ 84,80,000 രൂപയാണു കവർന്നത്. എസ്എംസി ഗ്ലോബൽ സെക്യൂരിറ്റി സ്ഥാപനത്തിലെ മേധാവിയെന്ന പേരിൽ വാട്സ്ആപ്പിൽ ബന്ധപ്പെട്ട് ഗ്രൂപ്പിൽ ചേർത്ത ശേഷമായിരുന്നു തട്ടിപ്പ്. വാട്സ്ആപ്പിൽ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തു ട്രേഡിംഗ് നടത്താനായിരുന്നു നിർദേശം. 16 തവണകളായിട്ടാണ് ഇദ്ദേഹം പണം നൽകിയത്.
മുണ്ടത്തിക്കോട് പുതുരുത്തി സ്വദേശിനിയായ യുവതിയിൽനിന്ന് പാർട്ട് ടൈം ജോലിയുടെ പേരിൽ 6,38,239 രൂപയാണു തട്ടിയെടുത്തത്. വാട്സ്ആപ്പ്, ടെലിഗ്രാം അക്കൗണ്ടുകൾവഴി റെന്റൽ ബുക്കിംഗ് എന്ന ലിങ്ക് അയച്ചുനൽകിയാണു തട്ടിപ്പ്. എട്ട് അക്കൗണ്ടുകളിലേക്ക് ഏഴുലക്ഷത്തിനു മുകളിലാണു നൽകിയതെങ്കിലും 89,890 രൂപയോളം മടക്കിനൽകിയെന്നും പരാതിയിൽ പറയുന്നു.
ബ്ലോക്ക് ട്രേഡിംഗിലൂടെ പത്തുശതമാനം ലാഭം നൽകാമെന്നു വിശ്വസിപ്പിച്ചു തൃശൂർ പുല്ലഴി സ്വദേശിയായ അന്പത്തേഴുകാരനിൽനിന്ന് 38,95,000 രൂപയാണു തട്ടിയെടുത്തത്. ഫേസ്ബുക്കിൽ കണ്ട പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായി. ഇതിലൂടെ നൽകിയ മാസ്റ്റർ കാപ്പിറ്റൽ സർവീസ് ലിമിറ്റഡ് എന്ന ആപ്ലിക്കേഷൻ വഴി വ്യാപാരം നടത്തിയാൽ കൂടുതൽ ലാഭം ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. 28 തവണകളിലായാണു പണംനൽകിയത്.