കോടതി നിരക്കുകൾ വർധിപ്പിച്ചു
Saturday, February 8, 2025 3:28 AM IST
തിരുവനന്തപുരം: കോടതി വ്യവഹാരങ്ങൾക്കുള്ള നിരക്ക് വലിയതോതിൽ ഉയർത്തി ബജറ്റ് പ്രഖ്യാപനം. ഹൈക്കോടതിയിലെ ജാമ്യാപേക്ഷയ്ക്കും മുൻകൂർ ജാമ്യാപേക്ഷയ്ക്കും 500 രൂപ നൽകണം. സെഷൻസ് കോടതിയിലെ ജാമ്യാപേക്ഷയ്ക്ക് 200 രൂപയും മുൻകൂർ ജാമ്യാപേക്ഷക്ക് 250 രൂപയും തുടർന്നുള്ള ഓരോ ഹർജികൾക്കും അതാതിന്റെ പകുതി ഫീസും കെട്ടിവയ്ക്കണം.
മറ്റ് കോടതികളിൽ ഓരോ ഹർജിക്കാരനും 50 രൂപാ എന്നതിനു വിധേയമായി പരമാവധി 250 രൂപയും ഫീസായി നൽകണം. സർഫാസി നിയമപ്രകാരം ഏറ്റെടുക്കുന്നതിനുള്ള ’സെക്വേർഡ് അസറ്റി’നുള്ള ഹർജിക്ക് 1000 രൂപ ഫീസ് ചുമത്തും.
ആക്രമണം മൂലമുണ്ടാകുന്ന മരണം, മാരകമായ മുറിവ്, അപകീർത്തിപ്പെടുത്തൽ, ദുരുദ്ദേശ്യപരമായ കുറ്റാരോപണം എന്നിവയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുന്പോൾ കെട്ടിവയ്ക്കേണ്ട കോടതി ഫീസ് അവകാശപ്പെടുന്ന തുകയുടെ ഒരു ശതമാനമായി നിജപ്പെടുത്തും.