അന്ധവിശ്വാസങ്ങളെ ശാസ്ത്രത്തിലൂടെ ചെറുക്കണം: മുഖ്യമന്ത്രി
Sunday, February 9, 2025 4:58 AM IST
തൃശൂർ: ശാസ്ത്രം പഠിച്ച ആളുകളെക്കൊണ്ടുതന്നെ അശാസ്ത്രീയത പ്രചരിപ്പിക്കാനുള്ള വേദിയാക്കി ദേശീയ ശാസ്ത്ര കോണ്‍ഗ്രസ് മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാര്‍ഷിക സര്‍വകലാശാലയിൽ കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അന്ധവിശ്വാസങ്ങളെ ശാസ്ത്രത്തിനുമേല്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സയന്‍സ് കോണ്‍ഗ്രസുകളില്‍ ശാസ്ത്രജ്ഞരാണോ അവരുടെ വേഷമിട്ട വര്‍ഗീയ പുനരുജ്ജീവന വാദക്കാരാണോ എത്തുന്നതെന്നതു പരിശോധിക്കണം. 2050 ഓടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനാണു ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രഫ. കെ.പി. സുധീര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജൻ വിശിഷ്ടാതിഥിയായിരുന്നു.
സംസ്ഥാന യുവശാസ്ത്ര പുരസ്കാരത്തിനും മുഖ്യമന്ത്രിയുടെ ഗോള്‍ഡ് മെഡലിനും അര്‍ഹരായ ഡോ. വൃന്ദ മുകുന്ദന്, ഡോ. വി.എസ്. ഹരീഷ് എന്നിവര്‍ക്കു മുഖ്യമന്ത്രി പുരസ്കാരം നല്കി.
കേരള ശാസ്ത്ര പുരസ്കാരം എസ്. സോമനാഥിന് 2023ലെ കേരള ശാസ്ത്ര പ ുരസ്കാരം ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ എസ്. സോമനാഥിനു നല്കുമെന്നു ശാസ്ത്ര കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചു. പുരസ്കാരദാനത്തിന്റെ സമയവും വേദിയും പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.