പാതിവില തട്ടിപ്പ്: ആനന്ദകുമാറിനും പണം നൽകിയിട്ടുണ്ടെന്ന് പ്രതി
Monday, February 10, 2025 4:18 AM IST
തിരുവനന്തപുരം: തിരുവനന്തപുരം സായ് ഗ്രാമം ഗ്ലോബൽ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ കെ.എൻ. ആനന്ദകുമാറിനും പണം നൽകിയിട്ടുണ്ടെന്ന് അനന്തുകൃഷ്ണന്റെ വെളിപ്പെടുത്തൽ. ഇതോടെ അന്വേഷണം ആനന്ദകുമാറിലേക്കും നീളുന്നു. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുകളിൽ ആനന്ദകുമാറിനെയും പോലീസ് പ്രതിയാക്കി.
ആനന്ദകുമാർ ചെയർമാനായിരുന്ന എൻജിഎ കോണ്‍ഫെഡറേഷനാണ് അനന്തുകൃഷ്ണനെ സ്കൂട്ടർ വിതരണത്തിന്റെ ചുമതല ഏൽപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദകുമാറാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുകൾ പെരുകുന്നതിനിടെ എഡിജിപിമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
കേസുകളിൽ ക്രൈംബ്രാഞ്ചിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. എഡിജിപിയുടെ മേൽനോട്ടത്തിൽ ഇന്നു തന്നെ അന്വേഷണ സംഘം രൂപീകരിച്ചേക്കുമെന്നാണ് വിവരം.