എന്നാ, പോയാലോ... മൂന്നാറിൽ മഞ്ഞിന്റെ മാസ്മരിക സൗന്ദര്യം
Monday, February 10, 2025 4:18 AM IST
മൂന്നാർ: പച്ചപ്പട്ടുടുത്ത മൂന്നാറും പരിസര പ്രദേശങ്ങളും കൊടുംതണുപ്പിന്റെ പിടിയിൽ. പലയിടത്തും ഇന്നലെ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. ചെണ്ടുവര എസ്റ്റേറ്റിലാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത്.
മൈനസ് ഒരു ഡിഗ്രിയായിരുന്നു ഇവിടുത്തെ താപനില. മൈനസിലെത്തിയതോടെ ചെണ്ട ുവരയിലെ പുൽമേടുകളും മലനിരകളും മഞ്ഞണിഞ്ഞ് വെള്ള പുതച്ചു.
ഇതാദ്യമായാണ് ഈ സീസണിൽ താപനില മൈനസ് ഡിഗ്രി രേഖപ്പെടുത്തുന്നത്. രണ്ടാഴ്ച മുന്പ് തണുപ്പ് ഏറ്റവും താഴ്ന്ന നിലയായ പൂജ്യത്തിൽ എത്തിയിരുന്നുവെങ്കിലും മൈനസിലേക്ക് താഴ്ന്നിരുന്നില്ല.
മൂന്നാറിലും പരിസരപ്രദേശങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടെ ങ്കിലും എസ്റ്റേറ്റുകളിൽ വ്യത്യസ്ത താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച തണുപ്പ് പൂജ്യം ഡിഗ്രിയിൽ എത്തിയ ദേവികുളത്ത് കഴിഞ്ഞ ദിവസം ഒരു ഡിഗ്രിയായിരുന്നു താഴ്ന്ന താപനില. ലക്ഷ്മി, സൈലന്റ് വാലി എന്നിവിടങ്ങളിൽ ഒരു ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ സെവൻമല, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രിയായിരുന്നു. തേയിലത്തോട്ടങ്ങളും പച്ചിലച്ചാർത്തുകളുമെല്ലാം മഞ്ഞിൽ കുളിച്ചു നിൽക്കുകയാണ്. അസുലഭമായ ഈ ദൃശ്യവിരുന്നും ശീതളിമയാർന്ന കാലാവസ്ഥയും ആസ്വദിക്കാനെത്തുന്നവരെക്കൊണ്ട ് റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം നിറഞ്ഞുകഴിഞ്ഞു.