അന്വേഷണം ആനന്ദകുമാറിലേക്കും
Saturday, February 8, 2025 2:20 AM IST
കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ അന്വേഷണം എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മുന്‍ ചെയര്മാന് കെ.എന്‍. ആനന്ദകുമാറിലേക്കും. അനന്തു കൃഷ്ണന്റെ പല പദ്ധതികളുടെയും തുടക്കത്തില്‍ ആനന്ദകുമാറും സഹകരിച്ചിട്ടുണ്ടെന്നാണ് വിവരം.
അനന്തു കൃഷ്ണന് പ്രധാനമന്ത്രിയുടെ അടുത്തെത്താനടക്കം ആനന്ദകുമാറിന്റെ സഹായം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇയാളിലേക്കും അന്വേഷണം നീങ്ങുന്നത്. വൈകാതെ അന്വേഷണസംഘം ഇയാളെ ചോദ്യം ചെയ്യും.
അതിനിടെ എന്‍ജിഒ ഓഫീസുകളില്‍ പരാതിക്കാരുടെ പ്രതിഷേധം കടുക്കുകയാണ്. നിലവില്‍ നാഷണല്‍ തട്ടിപ്പ് വിവരം പുറത്തുവന്നതിന് പിന്നാലെ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കൊച്ചിയിലെ ഓഫീസ് പൂട്ടിയിരിക്കുകയാണ്. പണം നല്കിയവര് ഓഫീസിലെത്തി നിരാശരായി മടങ്ങുകയാണ്.
അനന്തു കൃഷ്ണനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനിടെ ആനന്ദകുമാര്‍ പത്തുലക്ഷം രൂപ പ്രതിമാസം അനന്തു കൃഷ്ണനില്‍നിന്ന് കൈപ്പറ്റിയിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. തുക കൈമാറ്റം ചെയ്യപ്പെട്ട രേഖകളും പോലീസിന് ലഭിച്ചു.
ഒന്നരക്കോടിയോളം രൂപ ഇത്തരത്തില്‍ നല്‍കിയെന്നാണ് കണ്ടെത്തല്‍. പിന്നീടാണ് ഇവര്‍ തെറ്റിപ്പിരിഞ്ഞതെന്ന് അനന്തു കൃഷ്ണന് പോലീസിനോടു പറഞ്ഞു.