ഇന്ത്യയിലെ മോസ്റ്റ് വെൽക്കമിംഗ് റീജണ്‍ പട്ടികയിൽ കേരളം രണ്ടാമത്
Sunday, February 9, 2025 4:58 AM IST
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്ഫോമായ ബുക്കിംഗ് ഡോട്ട് കോമിന്റെ 13-ാമത് വാർഷിക ട്രാവലർ റിവ്യൂ അവാർഡ്സ് 2025ൽ ഇന്ത്യയിലെ മോസ്റ്റ് വെൽക്കമിംഗ് റീജണ്‍ പട്ടികയിൽ കേരളം രണ്ടാമത്.
വിനോദസഞ്ചാരികളിൽനിന്നുള്ള 360 ദശലക്ഷത്തിലധികം പരിശോധനാ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാര പട്ടിക തയാറാക്കിയത്. കഴിഞ്ഞ തവണ കേരളം മൂന്നാം സ്ഥാനത്തായിരുന്നു. മികച്ച യാത്രാനുഭവവും ആതിഥ്യമര്യാദയും തെരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങളായി.
‘മോസ്റ്റ് വെൽക്കമിംഗ് സിറ്റീസ്’ വിഭാഗത്തിൽ കേരളത്തിൽനിന്നും മാരാരിക്കുളം, തേക്കടി, ആലപ്പുഴ എന്നീ സ്ഥലങ്ങൾ ഇടം നേടി. ഇന്ത്യയിലെ 10 സ്ഥലങ്ങളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തിനകത്ത് മാരാരിക്കുളം, തേക്കടി, ആലപ്പുഴ, മൂന്നാർ, വർക്കല എന്നിവ ഏറ്റവും സ്വാഗതാർഹമായ പ്രദേശങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.