കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മാര്‍ തോമസ് തറയിലിന്റെ സര്‍ക്കുലര്‍
Monday, February 10, 2025 4:18 AM IST
ചങ്ങനാശേരി: കേരളത്തിലെ പൊതുസമൂഹവും ക്രൈസ്തവസമുദായവും കാലങ്ങളായി അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളില്‍ നിസംഗത പുലര്‍ത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയവൈകല്യങ്ങളെ ചോദ്യം ചെയ്ത് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ സര്‍ക്കുലര്‍.
15ന് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കുട്ടനാട് മങ്കൊമ്പില്‍നിന്നും ചങ്ങനാശേരി എസ്ബി കോളജിലേക്ക് നടത്തപ്പെടുന്ന കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റം എന്ന അവകാശ സംരക്ഷണ റാലിയോടും മഹാസമ്മേളനത്തോടും അനുബന്ധിച്ചാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ഇന്നലെ ചങ്ങനാശേരി അതിരൂപതയിലെ എല്ലാ പള്ളികളിലും സര്‍ക്കുലര്‍ വായിച്ചു.
കുട്ടനാട്ടിലെയും ഇതര പ്രദേശങ്ങളിലെയും കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍, തൊഴില്‍, വിദ്യാഭ്യാസം, വിശ്വാസം എന്നിവയില്‍ തുടര്‍ച്ചയായുള്ള ന്യൂനപക്ഷാവകാശ ധ്വംസനങ്ങൾ, ന്യൂനപക്ഷങ്ങള്‍ക്കിടയിലെ വേര്‍തിരിവുകൾ, എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളാണ് സര്‍ക്കുലറില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ദളിത് ക്രൈസ്തവ സംവരണം നടപ്പിലാക്കുന്നതിലും അവര്‍ക്ക് പ്രത്യേക ക്ഷേമപദ്ധതികള്‍ അനുവദിക്കുന്നതിലുമുള്ള അനാസ്ഥ, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ കാണിക്കുന്ന ഗുരുതരമായ അലംഭാവം, വന- പരിസ്ഥിതി നിയമങ്ങള്‍ വന്യമൃഗ ആക്രമണങ്ങള്‍ എന്നിവമൂലം മലയോര ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ എന്നിങ്ങനെ സര്‍ക്കാരുകള്‍ക്ക് പരിഹരിക്കാന്‍ സാധിക്കുന്ന ജനകീയപ്രശ്നങ്ങളില്‍ നിലപാടുകളോ നടപടികളോ സ്വീകരിക്കുന്നില്ല. വോട്ടുബാങ്ക് രാഷ്്ട്രീയത്തിന്റെ കുഴല്‍ക്കണ്ണാടിയിലൂടെ മാത്രം ഇത്തരം വിഷയങ്ങള്‍ വിലയിരുത്തി അവഗണനാപൂര്‍വമായ സമീപനം സ്വീകരിക്കുന്നതായി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സര്‍ക്കുലറിലൂടെ വ്യക്തമാക്കി.