മദ്യം വില്‍ക്കുന്ന സർക്കാർ ക്രിമിനലുകൾക്ക് വഴിയൊരുക്കുന്നു: തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത
സ്വന്തം ലേഖകന്‍
Monday, February 10, 2025 4:18 AM IST
മാരാമണ്‍: മദ്യം വിറ്റു പണമുണ്ടാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നാട്ടില്‍ ക്രിമിനലുകള്‍ക്കു വഴിയൊരുക്കുകയാണെന്ന് മാര്‍ത്തോമ്മ സഭാധ്യക്ഷന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. പമ്പാതീരത്ത് 130-ാമത് മാരാമണ്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങള്‍ കണ്മുമ്പില് നില്‍ക്കുമ്പോഴും പാലക്കാട്ട് ബ്രൂവറി തുടങ്ങാനാണ് സര്‍ക്കാര്‍ നീക്കം. ഇപ്പോള്‍തന്നെ മദ്യത്തില്‍ മുങ്ങിയ ഈ നാടിനെ സര്‍വനാശത്തിലേക്ക് നയിക്കുമെന്ന് ആശങ്കപ്പെടുന്നതായി മെത്രാപ്പോലീത്ത പറഞ്ഞു.
സ്കൂള്‍, കോളജ് കാമ്പസുകളില്‍ ലഹരി ഉപഭോഗം വര്‍ധിച്ചിട്ടും നടപടി എടുക്കേണ്ടവര്‍ നിസംഗത കാട്ടുന്നു. പ്രധാന വരുമാനം മദ്യത്തില്നിന്നായതിനാല് മദ്യോപയോഗത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി.
നവീന്‍ ബാബു എന്ന ഉന്നത ഉദ്യോഗസ്ഥന്റെ വേര്‍പാട് കേരളസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. വരുതിക്കു നില്‍ക്കാത്തവരെ കുരുതികൊടുക്കുന്ന കാലഘട്ടമാണിത്. പത്തനംതിട്ടയില്‍ വിവാഹ പാര്‍ട്ടിക്കു നേരേ നടന്നതുപോലെയുള്ള പോലീസ് നരനായാട്ട് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
കേരളം വിവാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയിരിക്കുന്നുവെന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. സംസ്ഥാനത്തു ചര്‍ച്ച ചെയ്യപ്പെടുന്ന വിവാദങ്ങള്‍ക്ക് അരദിവസത്തെ ആയുസ് പോലുമില്ല. അടുത്ത ദിവസം പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇല്ലാക്കഥകള്‍ തോന്നുംപടി പ്രചരിപ്പിക്കാന്‍ നെഞ്ചു വിരിച്ചു നില്ക്കുന്ന സാമൂഹിക മാധ്യമ ഇടങ്ങള്‍ സത്യത്തിന്റെ കുരുതിക്കളമായി മാറുന്നു. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും കാലഘട്ടത്തില്‍ മുങ്ങിപ്പോകാമായിരുന്ന ഒരു സമൂഹത്തെ ദൈവവചനത്തിന്റെ ശക്തിയില്‍ തിരികെ കൊണ്ടുവന്ന പാരമ്പര്യമാണ് മാരാമണ്‍ കണ്വന്ഷനിലുള്ളതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
മാര്ത്തോമ്മസുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ജെറി പിള്ളൈ മുഖ്യസന്ദേശം നല്കി. കാത്തലിക് ബിഷപ്് കോണ്‍ഫറന്‍സ് പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, തിരുവല്ല ആര്്ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്, പാറശാല രൂപതാധ്യക്ഷന്‍ ഡോ.തോമസ് മാര്‍ യൗസേബിയോസ്, മാര്‍ത്തോമ്മ സഭയിലെ ബിഷപ്പുമാര്‍, മന്ത്രിമാരായ സജി ചെറിയാന്, വീണാ ജോര്‍ജ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.