മോൺ. ഡി. സെല്വരാജൻ നെയ്യാറ്റിൻകര രൂപതയുടെ പിന്തുടര്ച്ചാവകാശമുള്ള മെത്രാൻ
Sunday, February 9, 2025 4:58 AM IST
നെയ്യാറ്റിന്‍കര: മോൺ. ഡോ. ഡി. സെല്‍വരാജനെ നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്ച്ചാവകാശമുള്ള മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ബിഷപ് ഡോ. വിന്‍സെന്റ് സാമുവലാണ് പുതിയ മെത്രാന്റെ പ്രഖ്യാപനം നടത്തിയത്.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, മുന്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, പാറശാല ബിഷപ് തോമസ് മാര്‍ യൗസേബിയൂസ്, തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ആര്. ക്രിസ്തുദാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നിലവില്‍ നെയ്യാറ്റിന്‍കര റീജണല്‍ കോ-ഓർഡിനേറ്ററും രൂപതയുടെ ജുഡീഷല്‍ വികാരിയുമായ മോൺ. ഡി. സെല്വരാജന് വലിയവിള ക്രിസ്തുരാജ ഇടവകാംഗമാണ്. വലിയവിള വെങ്കടമ്പ് ഒറ്റപ്ലാവിള ഡി.എം. സദനത്തില്‍ ദാസന്റെയും മുത്തമ്മയുടെയും ആറു മക്കളില്‍ രണ്ടാമന്. 1978 ജൂണ്‍ 11ന് പാളയം സെന്റ് വിന്‍സെന്റ് സെമിനാരിയില്‍ വൈദിക പരിശീലനത്തിനു ചേര്‍ന്നു.
ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്ന് തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനം പൂര്‍ത്തീകരിച്ചു. ബെല്‍ജിയത്തിലെ ലുവൈന്‍ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഫ്രഞ്ച്, ലാറ്റിന്‍, ജര്‍മന്‍, ഗ്രീക്ക് എന്നീ ഭാഷകളിലും മോണ്‍. ഡി. സെല്വരാജന് പ്രാവീണ്യമുണ്ട്.
നിലവില്‍ പത്തനാവിള സെന്റ് ജോസഫ് ഇടവക വികാരിയാണ് മോണ്‍. ഡി. സെല്വരാജന്. തിരുവനന്തപുരം അജപാലന സമിതി സുവിശേഷവത്കരണ കമ്മീഷന് എക്സിക്യൂട്ടീവ് സെക്രട്ടറി, നെയ്യാറ്റിന്‍കര രൂപത പാസ്റ്ററല്‍ മിനിസ്ട്രി ഡയറക്ടര്‍, രൂപത വിദ്യാഭ്യാസ ഡയറക്ടര്‍, കോര്‍പറേറ്റ് മാനേജര്‍, രൂപതാ ഫിനാന്‍സ് കൗണ്‍സിൽ അംഗം, സഭാ കോടതിയില്‍ ഡിഫന്‍ഡര്‍ ഓഫ് ദ ബോണ്ട് ലോഗോസ് പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ എന്നിങ്ങനെ വിവിധ പദവികളില്‍ സേവനം അനുഷ്ഠിച്ചു. 2007 മുതല്‍ രൂപതാ ഉപദേശക സമിതി അംഗമായും 2008 മുതല്‍ രൂപത ചാൻസലറായും 2011 മുതല്‍ രൂപതയുടെ ജുഡീഷല്‍ വികാരിയായും പ്രവർത്തിച്ചുവരികയായിരുന്നു.