ട്രാന്‍സ് വുമണിനു മര്‍ദനം; രണ്ടു പേര് അറസ്റ്റില്‍
Monday, February 10, 2025 4:18 AM IST
കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം ട്രാന്‍സ് വുമണിനു ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. മട്ടാഞ്ചേരി മഠത്തിപ്പറമ്പില്‍ ഷംനാസ് (36), പള്ളുരുത്തി കൊല്ലയില്പറമ്പ് വീട്ടില്‍ ഫാസില്‍ (34) എന്നിവരെയാണു പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് കാക്കനാട് സ്വദേശിയായ ട്രാന്‍സ് വുമണിനെ പ്രതികള്‍ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്. തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. ഷംനാസിനെ ട്രാന്‍സ് വുമണിനെ മര്‍ദിച്ചതിനും ഫാസിലിനെ അസഭ്യം പറഞ്ഞതിനുമാണ് അറസ്റ്റ് ചെയ്തത്.
മെട്രോ സ്റ്റേഷനു സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാന്‍സ് വുമണിനെ ഒരാള്‍ അസഭ്യം പറയുകയും ഇരുമ്പുവടികൊണ്ട് മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നു. മര്‍ദനത്തില്‍ ട്രാന്‍സ് വുമണിനു കാലിനും കൈവിരലിനും പരിക്കേറ്റു. കൈവിരലിനു പൊട്ടലുണ്ട്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ട്രാന്‍സ് വുമണിനെ ആക്രമിച്ചത് അന്വേഷിക്കാനും അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും സാമൂഹ്യനീതി ഡയറക്ടര്‍ക്കും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും മന്ത്രി ആര്. ബിന്ദു നിര്‍ദേശം നല്കി. സംഭവത്തില്‍ നിയമപരമായി കര്‍ശന നടപടികള്‍ സ്വീകരിക്കും.
ട്രാന്‍സ്മനുഷ്യരെ എന്തും ചെയ്യാമെന്ന് ആരും ധരിക്കേണ്ട. അവര്‍ക്കുനേരേ അതിക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും മുതിരുന്നവര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.