മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ഊര്‍ജ സംരക്ഷണത്തില്‍ പുരസ്കാരം
Saturday, February 8, 2025 2:20 AM IST
പാലാ: സംസ്ഥാന ഊര്‍ജ വകുപ്പിനു കീഴിലുള്ള എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ ഊര്‍ജ സംരക്ഷണ പുരസ്കാരങ്ങളില് ബില്‍ഡിംഗ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയില്‍നിന്ന് മാര്‍ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് പ്രോജക്ട്സ് ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം എന്നിവര്‍ ചേര്‍ന്ന് പുരസ്കാരവും ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങി.
എന്‍ജിനിയറിംഗ് വിഭാഗം മാനേജര്‍ ഡോ. പോളി തോമസ്, ഡെപ്യൂട്ടി മാനേജര്‍മാരായ ലിജു തോമസ്, ജോമോന് ജോസ് എന്നിവരും പങ്കെടുത്തു. ഏറ്റവും ഫലപ്രദമായ രീതിയില്‍ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കെട്ടിടങ്ങളുടെ വിഭാഗത്തിലാണ് മാര്‍ സ്ലീവാ മെഡിസിറ്റിക്ക് പുരസ്കാരം ലഭിച്ചത്.
മികച്ച പരിസ്ഥിതി, ഊര്‍ജ, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഒന്നാം സ്ഥാനവും മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചിരുന്നു.
ആശുപത്രി മാനേജ്മെന്റിന്റെ മേല്‍നോട്ടത്തില്‍ എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്ജകാര്യക്ഷമതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള മാര്‍ സ്ലീവാ മെഡിസിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവു കൂടിയാണെന്നു മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ പറഞ്ഞു.