ശന്പളപരിഷ്കരണ കുടിശിക രണ്ട് ഗഡു; നാലു വർഷം മുൻപുള്ള പ്രഖ്യാപനം
Saturday, February 8, 2025 3:28 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശന്പള പരിഷ്കരണ കുടിശികയുടെ രണ്ടു ഗഡു ഈ സാന്പത്തിക വർഷം തന്നെ അനുവദിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നാലു വർഷം മുൻപുള്ളത്.
2021 ൽ പ്രഖ്യാപിച്ച 11 ാം ശന്പള പരിഷ്കരണ കുടിശികയുടെ ആദ്യ രണ്ടു ഗഡുക്കളാണ് പിഎഫിൽ ലയിപ്പിക്കുമെന്ന് ഇന്നലത്തെ ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വീണ്ടും പ്രഖ്യാപിച്ചത്. ധനമന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പാണെന്ന ആരോപണവുമായി പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്ത് എത്തിയതോടെ ബജറ്റ് പ്രഖ്യാപനവും വിവാദത്തിലായി.
2019 ൽ നിലവിൽ വരേണ്ട 11 ാം ശന്പള പരിഷ്കരണം ഒന്നാം പിണറായി സർക്കാരിന്റെ അവസാന നാളായ 2021 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് പ്രഖ്യാപിച്ചത്. രണ്ടു വർഷത്തെ ശന്പള പരിഷ്കരണ കുടിശിക നാലു ഗഡുക്കളായി നൽകുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.
2023 ഏപ്രിൽ, ഒക്ടോബർ, 2024 ഏപ്രിൽ, ഒക്ടോബർ എന്നീ മാസങ്ങളിലായി പിഎഫിൽ ലയിപ്പിക്കുമെന്നായിരുന്നു ഉത്തരവ്. എന്നാൽ, രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയിട്ടും കുടിശിക നൽകിയില്ല. ജീവനക്കാരുടെ ശന്പള പരിഷ്കരണ കുടിശിക നൽകിയാൽ ശന്പളം മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു സർക്കാരിന്റെ പേടി.
ഈ രണ്ടു ഗഡുക്കൾ അനുവദിക്കുമെന്നാണ് ഇന്നലത്തെ ബജറ്റിൽ വീണ്ടും പ്രഖ്യാപിച്ചത്. പുതിയ ശന്പള പരിഷ്കരണത്തിന്റെ സമയം കഴിഞ്ഞിട്ടും ബാക്കി രണ്ടു ഗഡു എപ്പോൾ നൽകുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. പുതിയ ശന്പള പരിഷ്കരണ കമ്മീഷനെ നിയോഗിച്ചു കൊണ്ടുള്ള പ്രഖ്യാപനവും ബജറ്റിലുണ്ടായില്ല.
അതേസമയം, സർവീസ് പെൻഷൻകാർക്ക് ഇനി പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡുവായ 600 കോടി രൂപ മാത്രമാണ് നൽകാനുള്ളത്. അത് ഈ മാസം തന്നെ നൽകുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ജീവനക്കാരുടെ ഡിഎ കുടിശികയുടെ രണ്ട് ഗഡുക്കളുടെ ലോക് ഇൻ പീരിയഡ് നടപ്പു സാന്പത്തിക വർഷത്തിൽ ഒഴിവാക്കി നൽകുമെന്നും പറയുന്നു. നിലവിൽ പിഎഫിൽ കിടക്കുന്ന നാലു ഗഡു ഡിഎയുടെ രണ്ടു ഗഡുവിന്റെ ലോക് ഇൻ പിരിയഡ് ഒഴിവാക്കി പണമായി എടുക്കാൻ കഴിയുമെന്ന പ്രഖ്യാപനം മാത്രമാണ് ധനമന്ത്രി നടത്തിയതെന്നും പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിക്കുന്നു.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്തയും ക്ഷാമാശ്വാസവും ഏപ്രിലിൽ നൽകുമെന്ന പ്രഖ്യാപനമുണ്ട്. ഡിഎ കുടിശിക ആറു ഗഡുവായിരിക്കേയാണ് ഒരു ഗഡു ഡിഎ ബജറ്റിൽ പ്രഖ്യാപിച്ചതത്രേ. ജീവനക്കാർക്ക് നിലവിൽ ആറു ഗഡുക്കളായി 19% ഡിഎ കുടിശികയുണ്ട്.
ജനുവരിയിൽ ഒരു ഗഡു ഡിഎയ്ക്കു കൂടി ജീവനക്കാർ അർഹരായി. ഏപ്രിലിലെ ശന്പളത്തിൽ ഒരു ഗഡു ഡിഎ അനുവദിക്കുന്പോൾ കുടിശിക ഡിഎ ഗഡുക്കൾ ആറായും തുക 19% ആയി ഉയരുകയും ചെയ്യുമെന്നാണു ജീവനക്കാരുടെ വാദം.