തെരഞ്ഞെടുപ്പ് കേസിന് ചെലവേറും
Saturday, February 8, 2025 3:28 AM IST
തിരുവനന്തപുരം: ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജികൾ കോടതിയിൽ ഫയൽ ചെയ്യുന്നതിനും ഇനി ചെലവേറും. ബജറ്റിൽ കോടതി ഫീസുകൾ കുത്തനെ ഉയർത്തിയ സാഹചര്യത്തിലാണിത്.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഹർജികളിൽ ഗ്രാമപഞ്ചായത്ത് അംഗവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പു കേസിന് 250 രൂപയും പ്രസിഡന്റ്-വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു കേസുകളിൽ 500 രൂപയും നൽകണം.
ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി ബന്ധപ്പെട്ടതിൽ 1000 രൂപയും പ്രസിഡന്റ്, വൈസ് പ്രസിഡന്റിന് 2000 രൂപയും ജില്ലാ പഞ്ചായത്തിന്റെ അംഗത്തിന് 1500 രൂപയും പ്രസിഡന്റ്-വൈസ് പ്രസിഡന്റിന് 2500 രൂപയും കെട്ടിവയ്ക്കണം. മുനിസിപ്പൽ കൗണ്‍സിൽ- കോർപറേഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പു കേസിന് 1500രൂപയും മേയർ -ഡെപ്യൂട്ടി മേയർ, ചെയർമാൻ-വൈസ് ചെയർമാൻ എന്നിവരുടേതിന് 3000 രൂപയുമായാണ് ഉയർത്തിയത്.
നിയമസഭ- പാർലമെന്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഹർജികൾക്ക് 1250 രൂപയായും ഫീസ് പരിഷ്കരിച്ചു.