പാതിവില തട്ടിപ്പ് : സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് പോലീസ് അവഗണിച്ചു
Monday, February 10, 2025 4:19 AM IST
തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനെക്കുറിച്ച് മാസങ്ങൾക്കു മുൻപേ സ്പെഷൽ ബ്രാഞ്ച് നല്കിയ റിപ്പോർട്ട് പോലീസ് അവഗണിച്ചു. സിഎസ്ആർ ഫണ്ടിന്റെ പേരിൽ ഇയാൾ സംസ്ഥാന വ്യാപകമായി പണപ്പിരിവ് നടത്തുന്നുണ്ടെന്നും അനന്തു വഞ്ചനക്കേസുകളിൽ പ്രതിയാണെന്നുമുള്ള റിപ്പോർട്ടാണ് സ്പെഷൽ ബ്രാഞ്ച് നൽകിയത്.
വിശദമായ അന്വേഷണം നടത്തിയില്ലെങ്കിൽ കൂടുതൽ പേരുടെ പണം നഷ് ടമാകാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പും കഴിഞ്ഞ വർഷം ജൂലൈയിൽ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നതായാണ് വിവരം. എന്നാൽ, സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. ഇതാണ് തട്ടിപ്പിന്റെ വ്യാപ്തി വർധിക്കാനിടയാക്കിയതെന്നാണ് ആക്ഷേപം.
അതേസമയം, ഓരോ ദിവസവും തട്ടിപ്പിന്റെ വ്യാപ്തി വെളിപ്പെടുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമടക്കം നിരവധി പേർക്ക് അനന്തുവിന്റെ ഇടപാടുകളെകുറിച്ച് അറിവുണ്ടായിരുന്നതായാണ് വിവരം. 14 ജില്ലകളിലും തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിട്ടുണ്ട്.
കുടുംബശ്രീ, പോലീസ് അസോസിയേഷൻ തുടങ്ങി എംഎൽഎമാരുടെ വിവിധ സഹായ പദ്ധതികൾ വരെ ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചതായാണ് പരാതികളിൽ നിന്നു വ്യക്തമാകുന്നത്. പല രാഷ്ട്രീയ നേതാക്കൾക്കും താൻ പണം നൽകിയിട്ടുണ്ടെന്ന് കസ്റ്റഡിയിലിരിക്കെ ഇയാൾ തന്നെ വെളിപ്പെടുത്തിയതാണ് കേസ് സങ്കീർണമാക്കുന്നത്.