കടക്കെണിയിൽനിന്ന് കരകയറുമോ ?
Saturday, February 8, 2025 3:28 AM IST
മെട്രോപൊളിറ്റന്‍ പ്ലാനിംഗ് കമ്മിറ്റികള്‍
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ വികസനത്തിനു മെട്രോപൊളിറ്റന്‍ പ്ലാനിംഗ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നു സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി നഗര മേഖലയുടെ സവിശേഷ പ്രശ്നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച അര്‍ബന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് കര്‍മപദ്ധതി തയാറാക്കും.
എംടി പഠനകേന്ദ്രത്തിന് അഞ്ചു കോടി
![](/newsimages/mt822025.jpg)
എം.ടി. വാസുദേവന്‍ നായരുടെ സ്മരണകള്‍ നിലനിര്‍ത്തുന്നതിനായി തുഞ്ചന്പറമ്പിനോടു ചേര്‍ന്ന് സ്മാരകം നിര്‍മിക്കും. മലയാള ഭാഷയുടെ ചരിത്രത്തിനും സംസ്കാരത്തിനും പ്രാധാന്യം നല്‍കും. എംടിയുടെ സംഭാവനകള്‍ വരും തലമുറയ്ക്ക് പരിചയപ്പെടുത്തുംവിധമുള്ള പഠനകേന്ദ്രമാകും സ്ഥാപിക്കുക. ഇതിനായി ആദ്യഘട്ടത്തില്‍ അഞ്ചുകോടി രൂപ അനുവദിക്കും.
വൈക്കം സത്യഗ്രഹ സ്മാരകത്തിന് അഞ്ചുകോടി
വൈക്കം സത്യഗ്രഹ സ്മാരകം നിര്‍മിക്കുന്നതിനു ബജറ്റില്‍ അഞ്ചു കോടി രൂപ വകയിരുത്തി. വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവും പ്രാധാന്യവും വിശദമാക്കുന്ന സ്മാരകവും പഠന കേന്ദ്രവും വൈക്കത്ത് സ്ഥാപിക്കുകയാണു ലക്ഷ്യം.
ടൂറിസം കണക്ടിവിറ്റിക്ക് 20 കോടി
സീ പ്ലെയിന്‍ ടൂറിസം, ഹെലിസപ്പോര്ട്ടുകള്, ചെറിയ വിമാനത്താവളങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനായി ബജറ്റില്‍ 20 കോടി രൂപ വകയിരുത്തി. കേരളത്തില്‍ ടൂറിസം കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രപദ്ധതിയായ റീജണല്‍ കണക്ടിവിറ്റി സ്കീം പ്രയോജനപ്പെടുത്തും.
കളിപ്പാട്ടനിര്‍മാണ യൂണിറ്റുകള്‍
സംസ്ഥാനത്ത് പ്രാദേശിക കളിപ്പാട്ട നിര്‍മാണ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നു ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി അഞ്ചു കോടി രൂപ അനുവദിച്ചു. ഇന്ത്യയെ ഒരു ലോക കളിപ്പാട്ട നിര്‍മാണ ഹബ്ബായി മാറ്റുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് കേരളവും ഇത്തരംപദ്ധതികള് ആവിഷ്കരിക്കുന്നത്.
തീര്ഥാടനകേന്ദ്രങ്ങള്ക്കായി 13 കോടി
വിവിധ തീര്ഥാടനകേന്ദ്രങ്ങള്ക്കായി സംസ്ഥാന ബജറ്റില്‍ 13 കോടി രൂപ നീക്കിവച്ചു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തോടു ചേര്‍ന്ന് പില്‍ഗ്രിം ഹൗസും അമിനിറ്റി സെന്ററും നിര്‍മിക്കുന്നതിന് അഞ്ചുകോടിയും മാരാമണ്‍ കണ്വന്ഷന്, ആറന്മുള വള്ളംകളി, ഇതര തീര്ഥാടനകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയുള്ള തീര്‍ഥാടന സൗകര്യങ്ങള്‍ വികസനം എന്നിവയ്ക്കായി മൂന്നുകോടിയും കണ്ണൂര്‍ ഹജ്ജ് ഹൗസ് സ്ഥാപിക്കുന്നതിനു അഞ്ചു കോടി രൂപയുമാണ് അനുവദിച്ചത്.
വിദേശ തൊഴില്‍ ബോധവത്കരണം
വിദേശ തൊഴിലുമായി ബന്ധപ്പെട്ടു വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നു ബജറ്റില്‍ പ്രഖ്യാപനം. വിദേശ തൊഴിലുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെല്ലുകളെ പങ്കെടുപ്പിച്ച് വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
ലോക കേരള കേന്ദ്രങ്ങള്‍
പ്രവാസികളും നാടുമായുമുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനു ലോക കേരള കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കേരളീയ ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്ന ഫുഡ് കോര്‍ട്ടുകള്‍, നാടന്‍ ഉത്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപണനശാലകള്‍, നാടന്‍ കലാരൂപങ്ങളുടെ അവതരണം, സമീപജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂര്‍ പാക്കേജുകള്‍ തുടങ്ങിയവ ലോക കേരള കേന്ദ്രങ്ങളില്‍ ഒരുക്കും. പ്രവാസി സംഘടനകളുടെ നാട് സന്ദര്‍ശനത്തിനു പ്രത്യേക ഇന്‍സെന്റീവ് അനുവദിക്കും. സ്വന്തമായി വീട് വാങ്ങുന്നതിനു തയാറാണെങ്കില്‍ അത് വാടകയ്ക്കു നല്‍കുന്നതിനും മറ്റും ഈ പദ്ധതിയിലൂടെ കഴിയും. ഇതിനായി ബജറ്റില്‍ അഞ്ചു കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
തിരുവനന്തപുരം മെട്രോ റെയില്‍
![](/newsimages/metro822025.jpg)
തിരുവനന്തപുരം മെട്രോ റെയിലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തികവര്‍ഷം ആരംഭിക്കുമെന്നു ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. കൊച്ചി മെട്രോ റെയിലിന്റെ വികസനം ഉറപ്പാക്കും.
വിഴിഞ്ഞം തുറമുഖം 2028 ല്‍ പൂർത്തിയാക്കും
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങള്‍ 2028 ഡിസംബറോടുകൂടി പൂര്‍ത്തിയാക്കാനാകും. ടൈം ഓവര്‍ റണ്ണൗട്ടിന്റെയും കോസ്റ്റ് ഓവര്‍ റണ്ണൗട്ടിന്റെയും കാര്യത്തില്‍ സാധാരണ വരുന്ന കാലതാമസം ഒഴിവാക്കി 2045ല്‍ പൂര്‍ത്തിയാക്കാന്‍ കണക്കുകൂട്ടിയ കാര്യങ്ങളാണ് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് 2028ല്‍ പൂര്‍ത്തിയാക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങള്‍ക്കു വിഹിതം ഉയര്‍ത്തി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം 15980.49 കോടി രൂപയായി ഉയര്‍ത്തി. മുന്‍പ് ഇത് 15205.5 കോടി രൂപയായിരുന്നു. ജനറള്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപയും മെയിന്റനന്‍സ് ഫണ്ട് ഇനത്തില്‍ 4188 കോടി രൂപയും വകയിരുത്തി. പദ്ധതി വിഹിതം 27.5 ശതമാനത്തില്‍നിന്നും 28 ശതമാനമായി ഉയര്‍ത്തി.
ഹോട്ടലുകള്‍ക്ക് 50 കോടി രൂപ വായ്പ
സംസ്ഥാനത്ത് ഹോട്ടലുകള്‍ നിര്‍മിക്കുന്നതിനു 50 കോടി രൂപ വരെ വായ്പ നല്‍കുന്നതിനുള്ള പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് ആവിഷ്കരിക്കും. ഈ പദ്ധതിക്ക് പലിശയിളവ് നല്കുന്നതിനു മാത്രം 20 കോടി രൂപ വകയിരുത്തി.
വന്യജീവി ആക്രമണം തടയാൻ 50 കോടി
വന്യജീവി ആക്രമണം തടയാനുള്ള പദ്ധതികൾക്ക് ബജറ്റിൽ 50 കോടി. വന്യജീവി ആക്രമണ നഷ്ടപരിഹാരവും പ്രതിരോധവും ഉൾപ്പെടെ വനം വന്യജീവി മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായി പദ്ധതി വിഹിതത്തിനു പുറമേയാണ് ഈ തുക അനുവദിക്കുന്നതെന്നു ധനമന്ത്രി അറിയിച്ചു.
വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി റാപ്പിഡ് റെസ്പോണ്‍സ് ടീമുകൾ രൂപീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള വിഹിതം വർധിപ്പിച്ചതായും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് വന്യമൃഗപ്പെരുപ്പം നിയന്ത്രിക്കാൻ നിയമനിർമാണം നടത്താനുള്ള ഇടപെടലിൽ സംസ്ഥാനം മുൻകൈ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.