ഒയാസിസ് കമ്പനിക്ക് 25 ഏക്കർ നിയമവിരുദ്ധമെന്ന് എംപിയുടെ കത്ത്
Monday, February 10, 2025 4:18 AM IST
പാലക്കാട്: എലപ്പുള്ളിയിലെ ഒയാസിസ് ബ്രൂവറി കമ്പനി നികുതിയടച്ച് ഭൂമി കൈവശം വച്ചിരിക്കുന്നത് നിയമവിരുദ്ധവും സംസ്ഥാന ഭൂപരിഷ്കരണ നിയമത്തിന് എതിരുമാണെന്നു ചൂണ്ടിക്കാട്ടി വി.കെ. ശ്രീകണ്ഠന് എംപിയുടെ കത്ത്. റവന്യു മന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമാണ് എംപി കത്ത് നല്‍കിയത്.
എലപ്പുള്ളി പഞ്ചായത്തില്‍ ഒയാസിസ് കമ്പനി 25 ഏക്കറോളം ഭൂമി വാങ്ങി പോക്കുവരവ് നടത്തി നികുതിയടച്ച് രണ്ടുവര്‍ഷത്തിലേറെയായി കൈവശം വച്ചിരിക്കുകയാണ്. കമ്പനികള്‍ക്ക് നിയമാനുസരണം കേരളത്തില്‍ 15 ഏക്കര്‍ സ്ഥലം മാത്രമേ സ്വന്തമായി വാങ്ങുന്നതിനും കൈവശം വയ്ക്കുന്നതിനും അവകാശമുള്ളൂ.
കമ്പനിയുടെ 15 ഏക്കര്‍ കഴിഞ്ഞുള്ള മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ രജിസ്ട്രേഷന്, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിവേണമെന്നും വി.കെ. ശ്രീകണ്ഠന് കത്തില്‍ ആവശ്യപ്പെട്ടു.