വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി
Monday, February 10, 2025 4:18 AM IST
പാലക്കാട്: കിനാശേരി ഉപ്പുംപാടത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് ചികിത്സയില്‍. തോലനൂര്‍ തോട്ടക്കര പനയമ്പാടം വീട്ടില്‍ ചന്ദ്രിക (52)യാണ് മരിച്ചത്. ഭര്‍ത്താവ് രാജന് (60) പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ അഞ്ചിനാണു നാടിനെ നടുക്കിയ സംഭവം. ചന്ദ്രികയുടെ നിലവിളി കേട്ട് വീടിന്റെ ഒന്നാംനിലയിലുണ്ടായിരുന്ന മകള്‍ വിനീത താഴെയെത്തി നോക്കിയപ്പോള്‍ അച്ഛനും അമ്മയും ചോരയില്‍ കുളിച്ച് കിടക്കുന്നതാണു കണ്ടത്. ഉടനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരുമെത്തി ഇരുവരെയും ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രിക മരിച്ചു. ഗുരുതരമായ പരിക്കേറ്റ രാജനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍.
കൊലപാതകകാരണം വ്യക്തമായിട്ടില്ല. രാജന് വര്‍ഷങ്ങളായി മാനസികപ്രശ്നങ്ങൾക്കു ചികിത്സയിലായിരുന്നെന്നു പറയുന്നു. ചന്ദ്രികയെ കത്തികൊണ്ടു കുത്തിയശേഷം സ്വയംകുത്തിയതാകാമെന്നാണു പ്രാഥമിക നിഗമനം. കര്‍ഷകത്തൊഴിലാളികളായ കുടുംബം സാമ്പത്തിക പ്രയാസത്തെത്തുടര്‍ന്ന് ഒരുവര്ഷംമുന്പ് തോലന്നൂര്‍ പനയമ്പാടത്തുള്ള വീടു പൂട്ടി മൂത്തമകള്‍ വിദ്യയുടെ ഭര്‍ത്താവിന്റെ വീടായ പെരിങ്ങോട്ടുകുറിശി ആയക്കുറിശി നടുക്കാടിലായിരുന്നു താമസം. ഇവിടെനിന്നു രണ്ടാഴ്ച മുന്‍പാണ് കിനാശേരി ഉപ്പുംപാടത്തേക്കു താമസംമാറ്റിയത്. ഒരുവര്‍ഷം മുമ്പ് രാജന് ചന്ദ്രികയെ ചുറ്റികകൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പാലക്കാട് സൗത്ത് പോലീസ് രാജനെതിരേ കേസെടുത്തു. മക്കള്‍: വിദ്യ, വിനിത. മരുമകന്: മനീഷ്.