പാതിവില തട്ടിപ്പ് കേസ്; തെരഞ്ഞെടുപ്പില്‍ വാരിവിതറി; നേതാക്കളും പണം വാങ്ങി
Saturday, February 8, 2025 2:20 AM IST
കൊച്ചി: എറണാകുളം, ഇടുക്കി ജില്ലയിലടക്കം ഇടതു വലതു രാഷ്ട്രീയ നേതാക്കള്‍ക്കും സംഘടനകള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നു പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ അനന്തു കൃഷ്ണന്.
ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകള്‍ പോലീസ് കണ്ടെടുത്തു. നേതാക്കള്‍ക്കു പണം കൈമാറിയതിന്റെ ബാങ്ക് രേഖകള്‍, ഇതുമായി ബന്ധപ്പെട്ട വാട്സ്ആപ് ചാറ്റുകള്‍, കോള്‍ റിക്കാര്‍ഡിംഗ് എന്നിവയാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്.
ഓഫീസ് സ്റ്റാഫ് മുഖേന പലരും സഹകരണ ബാങ്ക് വഴിയാണു പണം കൈപ്പറ്റിയിരിക്കുന്നത്. കുടയത്തൂര്‍, മുട്ടം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി നിരവധി വസ്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുള്ളതായും പ്രതി ചോദ്യം ചെയ്യലില്‍ പോലീസിനോടു വ്യക്തമാക്കി. ഇതോടെ പ്രതിയുടെ കൂടുതല്‍ രാഷ്ട്രീയബന്ധങ്ങള്‍ പോലീസ് തെരയുകയാണ്. തട്ടിപ്പുമായി ഇവര്‍ക്കു ബന്ധമുണ്ടോയെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. മൊഴിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും സംഘടനകള്‍ക്കും കൈമാറിയെന്നു പറയുന്ന പണത്തെ സംബന്ധിച്ചും വിശദമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍ മാത്രം ഒരു കോടി രൂപയോളം അനന്തു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കിയതായാണ് വിവരം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.
അതിനിടെ സീഡ് സൊസൈറ്റിക്ക് നിയമോപദേശം നല്കിയ വകയില്‍ 40 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിന്‍സെന്റ്, അനന്തു കൃഷ്ണന്റെ സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച സൈന്‍ സംഘടനാ നേതാവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എന്‍. രാധാകൃഷ്ണന്, ബിജെപി നേതാക്കളായ പ്രമീള ദേവി, ഗീതാകുമാരി തുടങ്ങിയവര്‍ സംശയ നിഴലിലാണ്. അനന്തു കൃഷ്ണന്റെ പദ്ധതിയുമായി നിരവധി പ്രമുഖര്‍ സഹകരിച്ചെന്ന് ലാലി വിന്‍സെന്റ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പെന്നു വ്യക്തമായ സാഹചര്യത്തില്‍ ഇത് അനന്തു കൃഷ്ണന് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ്. പ്രാദേശികതലത്തില്‍ സ്ത്രീകളടക്കം നിരവധിപേര്‍ തട്ടിപ്പിനിരയായ സംഭവത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെയടക്കം ബന്ധപ്പെട്ടവരുടെ സഹായം പ്രതിക്കു ലഭിച്ചിട്ടുണ്ടെന്നും പോലീസ് കരുതുന്നു.
നിലവില്‍ സംശയനിഴലിലുള്ളവരില്നിന്ന് മൊഴി രേഖപ്പെടുത്തും. ഇവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പരിശോധിച്ചു വരികയാണ്. എറണാകുളം റൂറല്‍ ജില്ലയില്‍ ഇന്നലെവരെ 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.