മിഹിർ അഹമ്മദിന്റെ മരണം : സമഗ്ര അന്വേഷണമെന്ന് പോലീസ്
Sunday, February 9, 2025 4:58 AM IST
കൊച്ചി: തൃപ്പൂണിത്തുറ ഗ്ലോബല്‍ സ്കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ സമഗ്ര അന്വേഷണമാണ് നടക്കുന്നതെന്ന് തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി.വി. ബേബി പറഞ്ഞു. പിതാവിന്റേതടക്കം ഒന്നില്‍ കൂടുതല്‍ പരാതികളുണ്ട്. അതുകൊണ്ടുതന്നെ സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്.
റാഗിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുത്തന്‍കുരിശ് പോലീസും മറ്റും പരാതികളില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസുമാണ് അന്വേഷണം നടത്തുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് പിതാവ്
മരണത്തില്‍ ദുരൂഹതയുണ്ടെന്നും സ്കൂളില്‍നിന്നെത്തി മരിക്കുന്നതുവരെ മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നുമാണ് പിതാവിന്റെ പരാതിയിലുള്ളത്. മിഹിര്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നുവെന്നും അതെന്താണെന്ന് കണ്ടെത്തണമെന്നും മരിക്കുന്ന സമയത്ത് ആരൊക്കെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു എന്നറിയണമെന്നും ഷഫീഖ് പരാതിയില്‍ പറയുന്നുണ്ട്. ഷഫീഖ് പരാതി നല്കിയ ശേഷമാണ് മിഹിറിന്റെ മരണത്തില്‍ സ്കൂളിനെതിരേയും സഹപാഠികള്‍ക്കെതിരേയും പരാതിയുമായി അമ്മ രംഗത്തെത്തിയത്.
“കുട്ടിയുടെ എല്ലാ കാര്യങ്ങളും അവന്റെ അമ്മയുമായി പരസ്പരം ചര്‍ച്ച ചെയ്താണ് ചെയ്യാറുള്ളത്. എന്നാല്‍ ജെം സ്കൂളില്‍ നിന്ന് മാറ്റിയ കാര്യം മാത്രം എന്നെ അറിയിച്ചില്ല.
സ്കൂള്‍ മാറിയതിനുശേഷം ഓണ്‍ലൈന്‍ ട്യൂഷനു ചേര്‍ത്തപ്പോള്‍ എന്നെ അറിയിച്ചു. വെക്കേഷനു വരുമ്പോള്‍ കൊച്ചിയിലും വയനാട്ടിലുമൊക്കെ ഞാനും മോനും ഒരുമിച്ച് താമസിക്കാറുണ്ട്.
യാത്ര ചെയ്യുമ്പോഴെല്ലാം അവനെ സന്തോഷവാനായിട്ടാണ് കണ്ടിട്ടുള്ളത്. സുഹൃത്തുക്കളായ കുട്ടികള്‍ക്കൊപ്പം അവന് ഡിസംബറില്‍ ഉംറയ്ക്കായി മെക്കയിലും മദീനയിലും പോയിരുന്നു. പോകുന്നതിനും മുമ്പും അവിടെ എത്തിയ ശേഷവുമൊക്കെ വളരെയധികം സന്തോഷത്തോടെയാണ് വിളിച്ചു സംസാരിച്ചത്.”- മിഹിറിന്റെ പിതാവ് മലപ്പുറം തിരൂര്‍ താനാളൂര്‍ മാടമ്പാട്ട് ഷഫീഖ് പറഞ്ഞു.