ജെയിനിനെ ആശുപത്രിയിൽ സന്ദർശിച്ച് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ
Monday, February 10, 2025 4:18 AM IST
വടക്കാഞ്ചേരി: റഷ്യയിലെത്തി കൂലിപ്പട്ടാളത്തിലകപ്പെട്ട് യുക്രെയ്ൻ സൈന്യത്തിന്റെ ഡ്രോൺ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തെക്കുംകര കുത്തുപാറ സ്വദേശി ജെയിനിനെ (27) ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു.
എംബസി ഓഫീസർ ബവീഷിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് സംഘം ഉറപ്പുനൽകി.
നാട്ടിലെത്തിക്കാൻ നടപടിക്രമങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. റഷ്യൻ എംബസി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, കേന്ദ്രമന്ത്രിമാർ, അടൂർ പ്രകാശ് എംപി എന്നിവർക്ക് ബന്ധുക്കൾ പരാതി നൽകിയിരുന്നു.ജെയിനിന് ഇന്ന് ഒരു ശസ്ത്രക്രിയകൂടി നടക്കുന്നുണ്ട്. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് വൈകും.
അതേസമയം, റഷ്യയിൽ ഡ്രോൺആക്രമണത്തിൽ കുട്ടനെല്ലൂർ തോളത്ത് വീട്ടിൽ ബിനിൽ (31) കൊല്ലപ്പെട്ടിട്ട് ഒരു മാസം പിന്നിട്ടിട്ടും മൃതദേഹം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. റഷ്യ പിടിച്ചെടുത്ത യുക്രെയ്നിലെ നെവസ്കോയി എന്ന സ്ഥലത്തുവച്ചാണ് ബിനിൽ കൊല്ലപ്പെട്ടത്.