ബ്രൂവറി യൂണിറ്റ്: എതിർപ്പുള്ളവരുമായി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ
Sunday, February 9, 2025 4:58 AM IST
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ നിർമിക്കുമെന്നു പ്രഖ്യാപിച്ച ബ്രൂവറി- മദ്യ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിൽ എതിർപ്പുള്ളവർ ആവശ്യപ്പെട്ടാൽ എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഐയുടെയും ആർജെഡിയുടെയും എതിർപ്പ് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
എലപ്പുള്ളി മദ്യനിർമാണ യൂണിറ്റുമായി സർക്കാർ മുന്നോട്ടു പോകും. ഇതു നിർത്തിവയ്ക്കേണ്ടതില്ല. ഒരു തരത്തിലും പിന്നോട്ടില്ല. എതിർപ്പിനെ സർക്കാർ കൈകാര്യം ചെയ്യും. നാല് ഏക്കറിലെ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നമാണിത്. സിപിഐയ്ക്ക് ഇതിൽ പങ്കില്ല. കർണാടക സ്പിരിറ്റ് ലോബിയുമായി സിപിഐക്കു പങ്കുണ്ടെന്നു കരുതുന്നില്ല.
കേരളത്തിന് ആവശ്യമുള്ള സ്പിരിറ്റ് ഇവിടെ ഉത്പാദിപ്പിക്കും. ഒട്ടേറെപ്പേർക്ക് തൊഴിലും ലഭിക്കും. കർണാടകയിൽനിന്ന് സ്പിരിറ്റ് കൊണ്ടുവരാൻ 100 കോടി രൂപ ചെലവാകുന്നുണ്ട്. ഇതും ലാഭിക്കാനാകും.
ബ്രൂവറി വിഷയം മന്ത്രിസഭയിൽ എത്തിയപ്പോൾ സിപിഐ മന്ത്രിമാർ മിണ്ടാതിരുന്നു പാസാക്കിയ ശേഷം പുറത്ത് എതിർപ്പ് പറയുന്നതു ശരിയാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, അതിൽ അഭിപ്രായം പറയാനില്ലെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.