അനന്തുവിനെ കണ്ണൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങും
Saturday, February 8, 2025 2:20 AM IST
കണ്ണൂർ: പകുതി വിലയ്ക്ക് സ്കൂട്ടര് നല്കാമെന്ന് പറഞ്ഞു പണം തട്ടിയ സംഭവത്തിൽ പ്രതി അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ്.
കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ അറസ്റ്റ് രേഖപ്പെടുത്തും. എറണാകുളം, ഇടുക്കി എന്നീ ജില്ലകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. പ്രമോർട്ടർമാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കണ്ടാൽ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനന്തു കൃഷ്ണനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ തട്ടിയ പണം എവിടെ നിക്ഷേപിച്ചുവെന്ന് കണ്ടെത്താൻ കഴിയൂ. തട്ടിപ്പിൽ കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വിവരങ്ങൾ ശേഖരിക്കാൻ ഇഡിയും കണ്ണൂരിലെത്തുന്നുണ്ട്.
അതേസമയം, തട്ടിപ്പിനു കൂട്ടുനിന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായവർ ജില്ലാ കളക്ടർക്കു പരാതി നൽകി. പ്രമോട്ടർമാർ, കോ-ഓർഡിനേറ്റർ, ചീഫ് കോ-ഓർഡിനേറ്റർ, ഡിപിഎം എന്നിവർക്കെതിരേ സമഗ്രമായ അന്വേഷണം നടത്തണമെന്നും തട്ടിപ്പിനു പിന്നിലെ മറ്റു പ്രതികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
ജനപ്രതിനിധികളെയും രാഷ്ട്രീയക്കാരെയും മറ്റും സമീപിച്ചാണു തട്ടിപ്പ് നടത്തിയത്. ഇവർ വന്നു പറഞ്ഞപ്പോൾ പലരും ബാങ്കിൽനിന്നു ലോണെടുത്തും മറ്റും സീഡ് സൊസൈറ്റിക്കു പണം നൽകുകയായിരുന്നു.
തട്ടിപ്പ് പുറത്തു വന്നയുടൻ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഉദ്യോഗസ്ഥർ പരാതി സ്വീകരിക്കാൻ ആദ്യം തയാറായില്ലെന്ന് തട്ടിപ്പിനിരയായവർ ആരോപിച്ചു. എപിജെ അബ്ദുൾ കലാം ലൈബ്രറിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന അനന്തു കൃഷ്ണൻ അംഗമായുള്ള സൊസൈറ്റിയും പലരിൽനിന്നും പണം സ്വീകരിച്ചിരുന്നു. ഇതും അന്വേഷിക്കണമെന്നു പരാതിക്കാർ ആവശ്യപ്പെട്ടു.
പരാതി സ്വീകരിച്ച ശേഷം സമഗ്രമായ അന്വേഷണം നടത്താൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറോടു കളക്ടർ അരുൺ കെ. വിജയൻ നിർദേശിച്ചു. തട്ടിപ്പിനിരയായവർ വനിതാ കമ്മീഷനിലും പരാതി നൽകും.