സര്‍ക്കാരും വനംവകുപ്പും കര്‍ഷകരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: മാര്‍ ജോസഫ് പാംപ്ലാനി
Sunday, February 9, 2025 4:58 AM IST
ചെമ്പേരി: ഉദ്യോഗസ്ഥരുടെ ശമ്പളനിരക്ക് വര്‍ധിപ്പിക്കാന്‍ കര്‍ഷകന്റെ ഭൂനികുതി ഉയര്‍ത്തുന്ന സര്‍ക്കാര്‍ നിലപാട് ചോര നീരാക്കി പാടത്തും പറമ്പിലും പണിയെടുത്ത് അന്നം വിളമ്പുന്ന കര്‍ഷകർക്ക് വിരുദ്ധമാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത നേതൃസമ്മേളനവും ഗ്ലോബല്‍ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂനികുതി വര്‍ധിപ്പിച്ച് സര്‍ക്കാരും, വന്യമൃഗങ്ങളുമായി വനംവകുപ്പും കര്‍ഷകരെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ചെറിയ പ്രതിസന്ധികള്‍ സഭ നേരിടുന്നുണ്ടെന്നു വച്ച് ഈ അവസരം മുതലെടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെയെല്ലാം സഭയെ അങ്ങ് നശിപ്പിച്ചുകളയാമെന്ന് കരുതിയാല്‍ അത് അനുവദിച്ചുതരില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
സമുദായത്തിന്റെ ആവശ്യങ്ങള്‍ നിരാകരിക്കുന്നവരെ സഭയും സമൂഹവും നിരാകരിക്കുമെന്നും കത്തോലിക്കാ സമുദായത്തെ പിന്തുണയ്ക്കുന്നവരെ പിന്തുണയ്ക്കുമെന്നും ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍ പറഞ്ഞു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.