പ്രപഞ്ചോർജത്തിൽനിന്ന് നേട്ടം: പണം തട്ടിയവർക്കെതിരേ കേസെടുത്തു
Sunday, February 9, 2025 4:58 AM IST
കണ്ണൂർ: ക്ലാസുകളിൽ പങ്കെടുത്താൽ ആത്മീയതയിലൂടെ സാമ്പത്തികനേട്ടമുണ്ടാകുമെന്നു പറഞ്ഞ് കോടികൾ തട്ടിയെന്ന പരാതിയിൽ ഡോക്ടർമാരുൾപ്പെടെ ആറുപേർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ഡോ. അഷറഫ്, ഡോ. അഭിന്ദ് കാഞ്ഞങ്ങാട്, കെ.എസ്. പണിക്കർ, അനിരുദ്ധൻ, വിനോദ്കുമാർ, സനൽ എന്നിവർക്കെതിരേയാണ് മമ്പറം സ്വദേശി പ്രശാന്ത് മാറോളിയുടെ പരാതിയിൽ കേസെടുത്തത്.
2022ലാണ് തട്ടിപ്പിന്റെ തുടക്കം. ഹിമാലയൻ തേർഡ് ഐ ട്രസ്റ്റിന്റെ പേരിൽ നടത്തുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നവർക്ക് പ്രപഞ്ചോർജത്തെ ഫലപ്രദമായി ഉപയോഗിച്ച് നേട്ടമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചാണു തട്ടിപ്പു നടത്തിയത്. പരാതിക്കാരനിൽനിന്ന് മൂന്നു ലക്ഷത്തോളം രൂപ കൈപ്പറ്റിയെന്നാണു പരാതി. കണ്ണൂർ ജില്ലയിൽതന്നെ വിവിധ ആളുകളിൽ നിന്നായി പന്ത്രണ്ട് കോടി രൂപയിലേറെ തട്ടിയെടുത്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
ഉദ്ദേശിക്കുന്ന കാര്യത്തിൽ ഉന്നതിയിലെത്താമെന്നും വിദ്യാഭ്യാസകാര്യത്തിൽ അധ്വാനിക്കാതെ നേട്ടമുണ്ടാക്കാമെന്നുമുള്ള അന്ധവിശ്വാസ പ്രചാരണമാണ് ഇവർ നടത്തിയത്. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.