രാജ്ഭവൻ-ഉന്നതവിദ്യാഭ്യാസ വകുപ്പ് ശീതസമരം തുടരുന്നു
തോമസ് വർഗീസ്
Monday, February 10, 2025 4:18 AM IST
തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ സ്ഥാനത്തു നിന്നും മാറി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുതിയ ഗവർണറായി ചുമതലയേറ്റ ശേഷവും ഉന്നത വിദ്യാഭ്യാസ വകുപ്പുമായുള്ള ശീതസമരത്തിൽ കാര്യമായ മാറ്റമില്ല. കേരള സർവകലാശാലയിലും സാങ്കേതിക സർവകലാശാലയിലും അടുത്തയിടെ ഉണ്ടായ സംഭവവികാസങ്ങളിൽ രാജ്ഭവൻ കടുത്ത അമർഷത്തിലാണ്.
കേരള സർവകലാശാലയ്ക്കുള്ളിൽ പന്തൽകെട്ടി സമരം നടത്തിയ ഇടതു വിദ്യാർഥി സംഘടന വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം കാട്ടിയെന്ന പരാതിയിൽ ഉൾപ്പെടെ ഗവർണർക്ക് റിപ്പോർട്ട് നല്കിയിരുന്നു. സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കറ്റ് യോഗത്തിൽ നിന്നും വൈസ് ചാൻസലർ ഇറങ്ങിപ്പോകുകയും തുടർന്ന് അധ്യക്ഷനില്ലാതെ സിൻഡിക്കറ്റ് യോഗം നടക്കുകയും ചെയ്ത സംഭവത്തിന്റെ തുടർ നടപടികളും രാജ്ഭവൻ നിരീക്ഷിച്ചു വരികയാണ്.
മുന്പ് ആരിഫ് മുഹമ്മദ് ഖാൻ ചാൻസലറായിരുന്നപ്പോൾ അദ്ദേഹത്തിനെതിരേ നേരിട്ട് കരിങ്കൊടി പ്രകടനം ഉൾപ്പെടെയുള്ള സമരങ്ങൾ ഇടതു വിദ്യാർഥി സംഘടനകൾ നടത്തിയിരുന്നു. പാർട്ടിയുടെ സമ്മതത്തോടെയായിരുന്നു ഈ പ്രതിഷേധങ്ങൾ.
എന്നാൽ പുതിയ ഗവർണർ അധികാരമേറ്റതിനു പിന്നാലെ അദ്ദേഹത്തിനു നേരേ സമരങ്ങൾ ആരംഭിച്ചിട്ടില്ല. അപ്പോഴും കേരളാ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർമാർക്കു നേരേയുള്ള സമരത്തിൽ മാറ്റമില്ല. സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ തള്ളിക്കൊണ്ട് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ച വൈസ് ചാൻസലർമാരാണ് കേരളയിലെ ഡോ.മോഹനൻ കുന്നുമ്മലും കെടിയുവിലെ ഡോ. കെ. ശിവപ്രസാദും.
കേരളാ സർവകലാശാലയിൽ യൂണിയൻ ഉദ്ഘാടനം നടത്താത്തതിന്റെ പേരിലുള്ള സമരം ദിവസങ്ങളായി തുടരുകയാണ്. വൈസ് ചാൻസലർ ആണ് ഇതിന് അനുമതി നല്കാത്തതെന്ന നിലപാടിലാണ് വിദ്യാർഥി സംഘടന. കോടതിയുടെ തീർപ്പു വന്ന ശേഷം തുടർ നടപടി എന്ന നിലയിലാണ് വിസി .
ചാൻസലർ കൂടിയായ ഗവർണറെ വൈസ് ചാൻസലർ ഇക്കാര്യത്തിലുള്ള നിലപാട് അറിയിച്ചതായും ഗവർണറുടെ കൂടി നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള നീക്കങ്ങളെന്നുമാണ് അറിയുന്നത്. സാങ്കേതിക സർവകലാശാലയിൽ പുതുതായി നിയമിച്ച വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദും ഇടത് സിൻഡിക്കറ്റും തമ്മിൽ ഏറ്റുമുട്ടൽ അതിരൂക്ഷമാണ്.
കോണ്ഗ്രസ് സംഘടനാ നേതാവിനെതിരേ സാന്പത്തിക തിരിമറിക്കേസിൽ നടപടി സ്വീകരിക്കണമെന്ന സിൻഡിക്കറ്റ് ആവശ്യം സിഎജി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വൈസ് ചാൻസലർ തള്ളുകയും കോണ്ഗ്രസ് സംഘടനാ നേതാവിന്റെ സസ്പെൻഷൻ പിൻവലിക്കുകയും ചെയ്തതോടെയാണ് സിൻഡിക്കറ്റും വൈസ് ചാൻസലറും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് മാറിയിരിക്കുന്നത്. ഇക്കാര്യത്തിലും സാങ്കേതിക സർവകലാശാല വി.സി ഗവർണർക്ക് റിപ്പോർട്ട് നല്കി. വരും ദിവസങ്ങളിൽ ഈ പോര് കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.