ബയോമെഡിക്കൽ മാലിന്യങ്ങളെ സോയിൽ അഡിറ്റീവുകളാക്കി മാറ്റുന്ന
സാങ്കേതികവിദ്യ വികസിപ്പിച്ചു
Sunday, February 9, 2025 4:58 AM IST
തിരുവനന്തപുരം: വിലയേറിയതും ഊർജം ആവശ്യമുള്ളതുമായ ഇൻസിനറേറ്ററുകൾ ഉപയോഗിക്കാതെ രക്തം, മൂത്രം, കഫം, ലബോറട്ടറി ഡിസ്പോസിബിൾസ് തുടങ്ങിയ രോഗകാരികളായ ബയോമെഡിക്കൽ മാലിന്യങ്ങളെ അണുവിമുക്തമാക്കാനും ദുർഗന്ധമകറ്റാനും സാധിക്കുന്ന ഓട്ടോമേറ്റഡ് ബയോമെഡിക്കൽ വേസ്റ്റ് കണ്‍വേർഷൻ റിഗ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ആസ്ഥാനമായ സിഎസ്ഐആർ എൻഐഐഎസ്ടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി) വികസിപ്പിച്ച ’സൃജനം’ എന്ന റിഗ് നാളെ ന്യൂഡൽഹിയിലെ എയിംസിൽ നടക്കുന്ന ചടങ്ങിലാണ് പുറത്തിറക്കുക.
പ്രതിദിനം 400 കിലോഗ്രാം ശേഷിയുള്ള ഉപകരണത്തിന് പ്രാരംഭ ഘട്ടത്തിൽ ദിവസം 10 കിലോഗ്രാം ഡീഗ്രേഡബിൾ മെഡിക്കൽ മാലിന്യം കൈകാര്യം ചെയ്യാൻ സാധിക്കും. ഔദ്യോഗിക അംഗീകാരം ലഭിച്ചതിനു ശേഷം സാങ്കേതികവിദ്യ പൂർണ തോതിലുള്ള നടപ്പാക്കലിന് തയാറാകും.