ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കാൻ അധ്യാപകർക്കു കഴിയണം: മാർ താഴത്ത്
Sunday, February 9, 2025 4:58 AM IST
തൃശൂർ: ന്യൂനപക്ഷാവകാശങ്ങൾ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കാൻ അധ്യാപകസമൂഹത്തിനു കഴിയണമെന്നു സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. അതിരൂപതയുടെ ആതിഥേയത്വത്തിൽ നടന്ന കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ സ്കോളർഷിപ്പ് 50 ശതമാനമായി വെട്ടിക്കുറച്ചതു നീതിനിഷേധമാണെന്നും ആർച്ച്ബിഷപ് പറഞ്ഞു. ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജൻ മുഖ്യാതിഥിയായിരുന്നു.
കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, സംസ്ഥാന ഡയറക്ടർ ഫാ. ആന്റണി വാക്കോ അറയ്ക്കൽ, തൃശൂർ അതിരൂപത വികാരി ജനറാൾമാരായ മോൺ. ജോസ് കോനിക്കര, മോൺ. ജെയ്സൺ കൂനംപ്ലാക്കൽ, ഫാ. ജോയ് അടമ്പുകുളം, ജി. ബിജു, റോബിൻ മാത്യു, എ.ഡി. സാജു, ബിജു പി. ആന്റണി, സി.എ. ജോണി, സി.ജെ. ആന്റണി, ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു, പി.ജെ. ഫെലിക്സ് ജോ, ജോഷി വടക്കൻ, എൻ.പി. ജാക്സൺ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ അധ്യാപക ആവശ്യങ്ങൾ ഉന്നയിച്ച് പ്രമേയങ്ങൾ അവതരിപ്പിച്ചു. ടീച്ചേഴ്സ് ഗിൽഡ് ഓൺലൈൻ മുഖപത്രം പകൽ മോൺ. ജോസ് കോനിക്കര പ്രകാശനം ചെയ്തു. മികച്ച അധ്യാപകർക്കുള്ള അവാർഡുകളും സംസ്ഥാനതലത്തിൽ നടത്തിയ രചന, കരോൾഗാന മത്സരജേതാക്കൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. കലാപരിപാടികളുമുണ്ടായിരുന്നു.
സമ്മേളനത്തിനു മുന്നോടിയായി തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് ആയിരക്കണക്കിന് അധ്യാപകർ പങ്കെടുത്ത വിദ്യാഭ്യാസ അവകാശസംരക്ഷണ റാലിയിൽ അധ്യാപകരുടെ പ്രതിഷേധം ഇരമ്പി. മേയർ എം.കെ. വർഗീസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
അധ്യാപക നിയമനാംഗീകാരം: ചർച്ചയിലേക്കു ക്ഷണിച്ച് മന്ത്രി
തൃശൂർ: ഭിന്നശേഷിസംവരണ വിഷയത്തിൽ തടസപ്പെട്ടുകിടക്കുന്ന പതിനാറായിരത്തോളം അധ്യാപക നിയമനാംഗീകാരപ്രശ്നം പരിഹരിക്കാൻ ആത്മാർഥമായി ശ്രമിക്കുമെന്നു മന്ത്രി കെ. രാജൻ. ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നപരിഹാരത്തിനായി വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചർച്ചകൾക്കു വേദിയൊരുക്കും. ചർച്ചയിലേക്കു ടീച്ചേഴ്സ് ഗിൽഡ് നേതൃത്വത്തെയും മന്ത്രി ക്ഷണിച്ചു.