ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ എട്ടായി ചുരുങ്ങി; ഒന്നാമത് കെഎംഎംഎൽ
കെ. ഇന്ദ്രജിത്ത്
Sunday, February 9, 2025 4:58 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം എട്ടായി ചുരുങ്ങി. വ്യവസായ വകുപ്പിനു കീഴിലുള്ള 51 പൊതുമേഖലാ സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം ലാഭത്തിൽ പ്രവർത്തിച്ചിരുന്ന രണ്ടെണ്ണം കൂടി ഈ സാന്പത്തികവർഷം നഷ്ടത്തിലായതായി നിയമസഭയിൽ വച്ച പൊതുമേഖലാ സ്ഥാപനങ്ങൾ സംബന്ധിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ മുന്പൻ കരിമണൽ ഖനനം നടത്തുന്ന കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) ആണ്. 2024 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ കെഎംഎംഎൽ 20.61 കോടി രൂപയുടെ ലാഭം നേടി. 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കഴിഞ്ഞ സാന്പത്തിക വർഷം 780.05 കോടി രൂപയായിരുന്നു കരിമണൽ കന്പനിയുടെ ലാഭം.
സ്റ്റീൽ വിഭാഗത്തിൽ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ 57 ലക്ഷം രൂപയുടെ ലാഭവും കഴിഞ്ഞ സാന്പത്തിക വർഷം 1.04 കോടി രൂപയുടെ ലാഭവും നേടി.
ഇലക്ട്രോണിക്സ് മേഖലയിൽ കെൽട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ് 1.77 കോടിയുടെ ലാഭവും കെൽട്രോണ്‍ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡ് 5.59 കോടിയുടെ ലാഭവും നേടി. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്- 4.62 കോടി, കേരള സ്റ്റേറ്റ് കയർ കോർപറേഷൻ ലിമിറ്റഡ്- 40 ലക്ഷം, ഫോം മാറ്റിംഗ്സ് ഇന്ത്യാ ലിമിറ്റഡ് 25 ലക്ഷം എന്നിങ്ങനെ പോകുന്ന ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ.
കഴിഞ്ഞ സാന്പത്തിക വർഷം ലാഭത്തിലായിരുന്ന കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്പ്മെന്റ് കോർപറേഷൻ ഇത്തവണ നഷ്ടത്തിലായി. കഴിഞ്ഞ സാന്പത്തിക വർഷം 26.59 കോടിയുടെ ലാഭമായിരുന്നെങ്കിൽ നടപ്പു സാന്പത്തിക വർഷം ആദ്യത്തെ അഞ്ചു മാസങ്ങളിൽ 13.6 കോടിയുടെ കനത്ത നഷ്ടമാണ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ നേരിട്ടത്. കഴിഞ്ഞ സാന്പത്തിക വർഷം ലാഭം നേടിയ ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽ ലിമിറ്റഡും ഇത്തവണ നഷ്ടത്തിലേക്കു നീങ്ങുകയാണ്.
വ്യവസായ വകുപ്പിനു കീഴിലുള്ള 51 പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന 49 എണ്ണം ചേർന്ന് 4,452.85 കോടി രൂപയുടെ വിറ്റുവരവാണു നേടിയത്. മുൻ വർഷത്തെ അപേക്ഷിച്ച് വിറ്റുവരവിൽ 0.52 ശതമാനം കുറവുമുണ്ടായി. 405.54 കോടിയുടെ അറ്റനഷ്ടമാണ് പൊതുമേഖലാ സ്ഥാപനങ്ങൾ വഴിയുണ്ടായത്.