അനന്തുവിന്റെ തട്ടിപ്പ് രണ്ടു രീതിയില്‍
Saturday, February 8, 2025 2:20 AM IST
കൊച്ചി: അനന്തുവിന്റെ പാതിവില തട്ടിപ്പ് രണ്ടു രീതിയിലായിരുന്നു. സ്വന്തമായി രൂപീകരിച്ച സീഡ് സൊസൈറ്റി എന്ന സംഘടന വഴിയും എന്‍ജിഒകളെ ഒരുമിച്ച് ചേര്‍ത്ത് രൂപീകരിച്ച എന്‍ജിഒ കോണ്ഫെഡറേഷനിലൂടെയുമായിരുന്നു തട്ടിപ്പ്.
2022 സെപ്റ്റംബറിലാണ് പ്രാദേശിക തലത്തില്‍ 2,500ഓളം സന്നദ്ധ സംഘടനകളെ ഒരുമിപ്പിച്ച് കെ.എന്‍. ആനന്ദകുമാര്‍ ചെയര്‍മാനായി എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രൂപീകരിക്കുന്നത്. പിന്നീട് അനന്തു കൃഷ്ണന് ഇതിന്റെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍, സംസ്ഥാന സെക്രട്ടറി എന്നീ പദവികളിലെത്തി. ഇതിനു പിന്നാലെയായിരുന്നു തട്ടിപ്പ്.
പദ്ധതി നടത്തിപ്പിനായി 175 എന്‍ജിഒകളെ ഇംപ്ലിമെന്റിംഗ് ഏജന്‍സികളും 2,075 സന്നദ്ധസംഘടനകളെ സപ്പോര്‍ട്ടിംഗ് ഏജന്സികളുമാക്കി. നാട്ടുകാരെ സമീപിക്കുന്നതും പണം വാങ്ങുന്നതും ഈ ഇംപ്ലിമെന്റിംഗ് ഏജന്‍സികളായിരുന്നു. അതിനുശേഷം ഉപകരണം വാങ്ങിത്തരുന്ന കണ്‍സൾട്ടിംഗ് ഏജന്‍സികളെന്ന പേരില്‍ മൂന്നു കമ്പനികളെ പരിചയപ്പെടുത്തി.
കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ബീ വെഞ്ച്വേഴ്സ്, ഗ്രാസ് റൂട്ട് ഇംപാക്ട് ഫൗണ്ടേഷന്, പ്രഫഷണല്‍ സര്‍വീസ് ഇന്നവേഷന്‍. ഇവരുടെ അക്കൗണ്ടിലേക്കു പണം കൈമാറാനായിരുന്നു ഇംപ്ലിമെന്റിംഗ് ഏജന്‍സികള്‍ക്കുള്ള നിര്‍ദേശം. ഇവ മൂന്നും അനന്തു കൃഷ്ണന്റെ സ്വന്തം കമ്പനികളായിരുന്നു. ഇത്തരത്തില്‍ പണം അക്കൗണ്ടിലേക്ക് എത്തിയതോടെയാണ് നാട്ടുകാരുടെ പണം അനന്തു കൃഷ്ണന്റെ പക്കലായത്.