അധ്യാപകർ ദിവസവേതനക്കാരാവുന്നത് കേരളത്തിന് അപമാനം: വി.ഡി. സതീശൻ
Saturday, February 8, 2025 2:20 AM IST
തൃശൂർ: ഭിന്നശേഷിസംവരണത്തിന്റെ പേരിൽ സംസ്ഥാനത്തെ 16,000ൽപ്പരം അധ്യാപകർ ദിവസവേതനക്കാരായി പ്രവർത്തിക്കേണ്ടിവരുന്ന സാഹചര്യം സാക്ഷരകേരളത്തിന് അപമാനകരമാണെന്ന് വി.ഡി. സതീശൻ.
തൃശൂരിൽ നടക്കുന്ന കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്തു നിലനിൽക്കുന്ന അരക്ഷിതാവസ്ഥയ്ക്കു പരിഹാരം കാണാൻ സംസ്ഥാനസർക്കാർ സത്വരനടപടികൾ സ്വീകരിക്കണമെന്നു പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.
തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്. ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു. ഫാ. ലിജോ പോൾ മുഖ്യപ്രഭാഷണം നടത്തി. ടി.ജെ. സനീഷ് കുമാർ എംഎൽഎ, ബിജു പി. ആന്റണി, സി.ജെ. ആന്റണി, ഫെലിക്സ് ജോസഫ്, പി.ഡി. ആന്റോ, ഷൈനി കുര്യാക്കോസ്, സി.എ. ജോണി തുടങ്ങിയവർ പ്രസംഗിച്ചു.
സാംസ്കാരിക പരിപാടികൾക്ക് എൻ.പി. ജാക്സൻ, ജോഫി സി. മഞ്ഞളി എന്നിവർ നേതൃത്വം നൽകി. നേരത്തേ സമ്മേളനപരിപാടികൾക്കു തുടക്കം കുറിച്ചു സംസ്ഥാന പ്രസിഡന്റ് ടോം മാത്യു പതാക ഉയർത്തി.
ഇന്നു രാവിലെ ഒൻപതിന് ആയിരത്തിലധികം അധ്യാപകർ പങ്കെടുക്കുന്ന വിദ്യാഭ്യാസ അവകാശ സംരക്ഷണറാലി സെന്റ് തോമസ് കോളജിൽനിന്ന് ആരംഭിക്കും. മേയർ എം.കെ. വർഗീസ് ഫ്ളാഗ് ഓഫ് ചെയ്യും.
തുടർന്നു ഡിബിസിഎൽസി ഹാളിൽ നടക്കുന്ന പൊതുസമ്മേളനം സിബിസെിഎ പ്രസിഡന്റും തൃശൂർ അതിരൂപത മെത്രാപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ മുഖ്യാതിഥിയായിരിക്കും. കോട്ടപ്പുറം രൂപതാധ്യക്ഷൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും.