പാതിവില തട്ടിപ്പ് : റിട്ട. ജസ്റ്റീസ് രാമചന്ദ്രന് നായര്‍ മൂന്നാംപ്രതി
Monday, February 10, 2025 4:19 AM IST
പെരിന്തല്‍മണ്ണ: പാതിവിലയ്ക്ക് ലാപ്ടോപ്, സ്കൂട്ടര്‍ അടക്കമുള്ളവ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതു സംബന്ധിച്ച് പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിട്ട. ജസ്റ്റീസ് രാമചന്ദ്രന് നായര്‍ മൂന്നാം പ്രതി.
അങ്ങാടിപ്പുറത്തെ കെഎസ്എസ് പ്രസിഡന്റ് ഡാനിമോന്‍, ജനറല്‍ സെക്രട്ടറി സുനില്‍ ജോസഫ് എന്നിവര്‍ നല്കിയ പരാതിയില്‍ കെ.എന്‍. ആനന്ദകുമാര്‍ ഒന്നാം പ്രതിയും നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണൻ രണ്ടാം പ്രതിയുമാണ്. കോണ്‍ഫെഡറേഷന്‍ രക്ഷാധികാരിയാണ് ജസ്റ്റീസ് രാമചന്ദ്രൻ നായരെന്ന് പരാതിയിൽ പറയുന്നു.
50 ശതമാനം ഗുണഭോക്തൃവിഹിതവും 50 ശതമാനം നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ കണ്ടെത്തിയും ഉപകരണങ്ങള്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. 110 തയ്യല്‍ മെഷീന്, 11 ലാപ്ടോപ്പ്, ഒന്‍പത് വാട്ടര്‍ പ്യൂരിഫയര്‍, 20 ഇരുചക്ര വാഹനങ്ങള്‍, 1300 ചാക്ക് ജൈവവളം എന്നിവ പദ്ധതിയിലൂടെ വിതരണം ചെയ്തു.
അപേക്ഷ പ്രകാരം 2024 നവംബര്‍ അവസാനം വരെ 16 ഇരുചക്രവാഹനങ്ങളും 45 ലാപ്ടോപ്പുകളും 34 ഗൃഹോപകരണങ്ങളും ഒരു വാട്ടര്‍ പ്യൂരിഫയറും ഇനിയും ഗുണഭോക്തൃ വിഹിതം അടച്ച അപേക്ഷകര്‍ക്ക് കൊടുക്കേണ്ടതുണ്ട്. ഇവയുടെയെല്ലാം പാതിവിലയായ 34.46 ലക്ഷം രൂപ കെഎസ്എസ് കോണ്‍ഫെഡറേഷനു നല്‍കിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.
പദ്ധതിയില്‍ ഗുണഭോക്താക്കളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ ഗുണഭോക്താക്കള്‍ക്ക് പറഞ്ഞ സമയത്ത് സേവനം നല്കാന് കോണ്‍ഫെഡറേഷന്‍ കഴിഞ്ഞിട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രക്ഷാധികാരിയല്ല, അഡ്വൈസര്‍ മാത്രമെന്ന് ജസ്റ്റീസ് രാമചന്ദ്രന് നായർ
കൊച്ചി: പാതിവില തട്ടിപ്പില്‍ പങ്കില്ലെന്നും എന്‍ജിഒ കോണ്‍ഫെഡറേഷന്റെ രക്ഷാധികാരിയല്ലെന്നും ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായർ. കോണ്‍ഫെഡറേഷന്റെ അഡ്വൈസര്‍ മാത്രമായിരുന്നു. സ്കൂട്ടര്‍ ഇടപാടിന്റെ പേരില്‍ പണം പിരിക്കുന്നതായി കഴിഞ്ഞ ജൂണില്‍ അറിഞ്ഞിരുന്നു. അന്നുതന്നെ സായ് ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ കെ.എന്‍. ആനന്ദകുമാറിനെ വിവരം അറിയിച്ചു.
പിന്നാലെ അഡ്വൈസര്സ്ഥാനത്തുനിന്ന് ഒഴിയുകയും ചെയ്തു. ആനന്ദകുമാറിന്റെ ആവശ്യപ്രകാരമായിരുന്നു അഡ്വൈസറായി ചുമതലയേറ്റത്. പണം വാങ്ങിയെങ്കില്‍ സ്കൂട്ടര്‍ നല്‍കണമെന്ന് ആനന്ദകുമാറിനോട് പറഞ്ഞ ശേഷമാണ് സ്ഥാനമൊഴിഞ്ഞത്. രക്ഷാധികാരിയെന്ന് തെറ്റിദ്ധരിച്ചായിരിക്കും പരാതിക്കാര്‍ പോലീസിനെ സമീപിച്ചത്. പോലീസ് യാതൊന്നും പരിശോധിക്കാതെ കേസെടുത്തു. ഇതിനെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.