വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണം
Saturday, February 8, 2025 3:28 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രാൻസ്ഷിപ്മെന്റ് കേന്ദ്രമെന്നതിനപ്പുറം വലിയ കയറ്റുമതി -ഇറക്കുമതി തുറമുഖമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ചാ ത്രികോണം എന്ന പദ്ധതി ധന മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു.
പുതിയ ഗ്രീൻഫീൽഡ് ദേശീയപാത 744, നിലവിലുള്ള കൊല്ലം-കൊട്ടാരക്കര-ചെങ്കോട്ട ദേശീയപാത 744, എംസി റോഡ്, മലയോര-തീരദേശ ഹൈവേകൾ, തിരുവനന്തപുരം കൊല്ലം റെയിൽപാത, കൊല്ലം-ചെങ്കോട്ട റെയിൽപാത എന്നീ പ്രധാന ഗതാഗത ഇടനാഴികൾ ശക്തിപ്പെടുത്തുന്നതിന് ഈ പദ്ധതി ഉപകരിക്കും.
ഇടനാഴിക്ക് സമീപമുള്ള സ്ഥലങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കും. പദ്ധതി നിർവഹണം ഉറപ്പാക്കുന്നതിനായി സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ച് ഭൂവികസനവും നിക്ഷേപങ്ങളും ശക്തിപ്പെടുത്തും. നേരിട്ടുള്ള ഭൂമി വാങ്ങലിനായി 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കും.
വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും സഹായിക്കുന്ന കേരളാ ലാൻഡ് ആൻഡ് ബാങ്ക് ഫോർ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് എന്ന പോർട്ടൽ ആരംഭിക്കും.
കോവളത്തിനും ബേക്കലിനും ഇടയിലുള്ള ഉൾനാടൻ പുനരുജ്ജീവനവും ജലപാതയുടെ സന്പൂർണമായ വികസനവും 2026 ഓടെ പൂർത്തിയാക്കും.
വിഴിഞ്ഞം, കോവളം, കാട്ടാക്കട, നെടുമങ്ങാട്, വെന്പായം, കിളിമാനൂർ, കല്ലന്പലം എന്നിവിടങ്ങളിൽ പ്രധാന ഇക്കണോമിക് നോഡുകൾ ബജറ്റിൽ വിഭാവനം ചെയ്യുന്നു. ഓരോ നോഡും സാന്പത്തികമേഖലകളായി വികസിപ്പിക്കും.
കൊല്ലം കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി പ്രയോജനപ്പെടുത്തി കൊല്ലം നഗരത്തിൽ ഐ.ടി പാർക്ക് സ്ഥാപിക്കും കിഫ്ബിയും കിൻഫ്രയും കൊല്ലം കോർപറേഷനും സംയുക്തമായി ഏർപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും ഐടി പാർക്ക് പദ്ധതിക്ക് രൂപം നൽകുന്നത്. കൊട്ടാരക്കരയിലെ രവി നഗറിലെ കല്ലട ജലസേചന പദ്ധതി കാന്പസിലെ ഭൂമിയിൽ ഐടി പാർക്ക് സ്ഥാപിക്കും.