മാർ ആനിക്കുഴിക്കാട്ടിലിനു ജനകീയ ആദരം നിഷേധിച്ചു
Tuesday, May 5, 2020 1:43 AM IST
കട്ടപ്പന: ഇതു കൊടും ചതിയാണ്... ഒരു ആത്മീയാചാര്യന് അന്ത്യയാത്ര നൽകാൻപോലും ജനതയെയും വിശ്വാസികളെയും അനുവദിക്കാത്ത ചതി.
ഇതിന്റെ പിന്നിലെ ഗൂഢതന്ത്രം ഇപ്പോൾ ജയിച്ചെങ്കിലും മാർ മാത്യു ആനിക്കുഴിക്കാട്ടിലിനെ ജനഹൃദയങ്ങളിൽനിന്നു തുടച്ചുമാറ്റാൻ ഒരു ഗൂഢതന്ത്രത്തിനുമാകില്ല. പൊതു ആദരവ് നിഷേധിക്കാൻ ആരു ശ്രമിച്ചാലും ലക്ഷങ്ങളുടെ ഉള്ളിൽ ദിവ്യതേജസായി എന്നും ഇടുക്കിയുടെ പ്രഥമ മെത്രാൻ കുടികൊള്ളും.
ഇടുക്കി രൂപതയെയും കുടിയേറ്റ ജനതയെയും പതിറ്റാണ്ടുകൾ ജീവൻ നൽകി പരിപാലിച്ച രൂപതാധ്യക്ഷന്‍ അർഹമായ വിടവാങ്ങൽ നൽകാൻ അനുവദിക്കാതെ ലോക്ക് ഡൗണിന്റെ മറവിൽനിന്നും കരുക്കൾ നീക്കിയവരെ ഒരിക്കൽ പൊതുജനം തിരിച്ചറിയും.
മാർ ആനിക്കുഴിക്കാട്ടിൽ അന്തരിച്ച മാർച്ച് ഒന്നിന് ഭൗതിക ശരീരം മൂവാറ്റുപുഴയിലെ നിർമല മെഡിക്കൽ സെന്ററിൽ എത്തിച്ചശേഷം ഏറെ കൂടിയാലോചനകൾക്കും ഹോംവർക്കുകൾക്കും ശേഷമാണ് അഞ്ചിന് പിതാവിന്റെ സംസ്കാരം നടത്തുന്നതിനും പൊതുദർശനത്തിനുമുള്ള ക്രമീകരണങ്ങൾ തയാറാക്കിയത്.
ജില്ലയിൽനിന്നുള്ള മന്ത്രിയായ എം.എം. മണി, ഇടുക്കി മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ, വികാരി ജനറാൾമാരായ മോണ്‍. ജോസ് പ്ലാച്ചിക്കൽ, മോണ്‍. ഏബ്രഹാം പുറയാറ്റ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ജില്ലാ കളക്ടർ, ജില്ല പോലീസ് ചീഫ്, ജില്ല മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള അധികൃതരുമായി ദീർഘമായി ചർച്ച നടത്തിയാണ് ക്രമീകരണങ്ങൾക്ക് അന്തിമരൂപം നൽകിയത്.
ലോക്ക് ഡൗണ്‍ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ച് നിർദേശലംഘനത്തിനുള്ള എല്ലാ പഴുതുകളും അടച്ച് മൂവാറ്റുപുഴയിൽനിന്ന് ഇടുക്കി കത്തീഡ്രൽ വരെ വിലാപയാത്രയായി ഭൗതികദേഹം എത്തിച്ച് സംസ്കരിക്കാനായിരുന്നു ക്രമീകരണങ്ങൾ ഒരുക്കിയത്.
റോഡുവക്കിൽ ആൾക്കൂട്ടം ഒഴിവാക്കി, പൊതുദർശന ഇടങ്ങളിൽ ഒരുസമയം അഞ്ചുപേരിൽ കൂടാതെ എത്തി വലിയപിതാവിന് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
ഞായറാഴ്ച രാത്രി എല്ലാം തകിടംമറിച്ചു
ഞായറാഴ്ച രാത്രി 7.30 ഓടെ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഒരു ഫോണ്‍കോൾ ബിഷപ്സ് ഹൗസിലെത്തി. "പിതാവിന്റെ ഭൗതികദേഹം പൊതുദർശനത്തിനുവയ്ക്കാൻ അനുവദിക്കില്ല. സംസ്കാര ശുശ്രൂഷയിൽ അഞ്ചിൽകൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല' എന്നായിരുന്നു ഫോണ്‍ വഴിയുള്ള ഉത്തരവ്. ഇതിനു പിന്നാലെ ജില്ലാകളക്ടറുടെ ഉത്തരവ് ഔദ്യോഗികമായി എത്തി.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾക്ക് വിധേയമായിപോലും വലിയപിതാവിന് ആദരവ് നൽകാനുള്ള എല്ലാ വഴികളും അടഞ്ഞു. അവസാന ശ്രമമായി വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കലിന്റെ അഭ്യർഥന മാനിച്ച് സംസ്കാര ശുശ്രൂഷയിൽ 20 പേരെ വരെ പങ്കെടുപ്പിക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. ഒടുവിൽ അർഹമായ ആദരവ് ഏറ്റുവാങ്ങാനാവാതെ മാർ ആനിക്കുഴിക്കാട്ടിൽ നിത്യതയിലേക്കു മടങ്ങും.
നിരോധനം വന്നത് ഡൽഹിയിൽനിന്ന് ?
ജനകീയ നേതാവായി വളർന്ന മാർ ആനിക്കുഴിക്കാട്ടിൽ പിതാവിന് ആദരമർപ്പിക്കാനുള്ള ജനങ്ങളുടെ അവസരം തടഞ്ഞത് ഡൽഹിയിൽനിന്ന് എന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ലഭിച്ച പരാതിയെത്തുടർന്നാണ് മാർ ആനിക്കുഴിക്കാട്ടിലിന്റെ ഭൗതികദേഹത്തോടുള്ള അനാദരവിന്റെ ഉത്തരവ് പുറപ്പെട്ടതത്രേ.
ഹൈറേഞ്ചിലെ പാവപ്പെട്ട ജനങ്ങൾക്കുവേണ്ടി ജീവിച്ചു, പ്രവർത്തിച്ചു കാലംചെയ്ത ഒരു വലിയ മനുഷ്യന് ലോകത്തിൽ ഒരാൾക്കും ഉണ്ടാകാത്ത ക്രൂരമായ അവഗണന എങ്ങനെ സംഭവിച്ചു എന്നു പറയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാർട്ടികൾക്കും ഉത്തരവാദിത്വമുണ്ട്.
ഒരു സാധാരണ പൗരനു ലഭിക്കുന്ന പരിഗണന പോലും നൽകാതെയാണ് ഇടുക്കിയുടെ ആത്മീയ പിതാവിനെ യാത്രയാക്കേണ്ടി വരുന്നത്. ഇത്രയും വലിയ ജനസമ്മതിയുള്ള ഒരു ആത്മീയ നേതാവിനു ഇനി ഒരിക്കലും തിരിച്ചുനൽകാനാത്ത മനുഷ്യ ജീവിതത്തിലെ അവസാനത്തെ ആദരവ്് കൊട്ടിയടച്ച നിന്ദ്യമായ ചെയ്തി ഇടുക്കിയിലെ മാത്രമല്ല സമസ്ത ജനങ്ങളെയും കണ്ണീർക്കയത്തിലാഴ്ത്തിയിരിക്കുകയാണ്.
പൊതുദർശനവും സംസ്കാര ശുശ്രൂഷകളും നിയന്ത്രണങ്ങളോടെ നടത്താൻ ക്രമീകരണമുണ്ടാക്കിയ ശേഷം അവസാന നിമിഷം പൊതുദർശനവും ആദരവോടെയുള്ള സംസ്കാര ശുശ്രൂഷയും തടഞ്ഞ നടപടിയെ തിരുത്താൻ ഒരു രാഷ്ട്രീയ പൊതു സേവകനെയും കണ്ടില്ല.
ഒരു മുന്നണിയും ഇക്കാര്യത്തിൽ നിലപാട് പരസ്യപ്പെടുത്താനും തയാറായില്ല. ഇത് ഏത് രാഷ്ട്രീയലാഭം ഉണ്ടാക്കാനാണെന്നത് ദുരൂഹമായിരിക്കുന്നു. മൃതദേഹത്തിനു പൊതുദർശനം അനുവദിക്കാത്ത ക്രൂരമായ നടപടി ഒരു പരിഷ്കൃത സമൂഹവും സഹിക്കുന്നതല്ല.
പരാതി എന്താണെന്നോ പരാതിക്കാരൻ ആരാണെന്നോ ഇപ്പോൾവരെ പുറത്താരും അറിഞ്ഞിട്ടില്ല. പരാതി ഉണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതായാണ് രൂപതാ അധികൃതർ അറിയിച്ചത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാര ശുശ്രൂഷകൾക്കും പൊതുദർശനത്തിനും സംസ്ഥാന സർക്കാർ അനുമതി നൽകിയതായി കേന്ദ്ര സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ചടങ്ങുകൾ ഒഴിവാക്കണമെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ അറിയിപ്പ്.
രാഷ്ട്രീയ നേതൃത്വങ്ങൾ സംശയത്തിന്റെ നിഴലിൽ
ജനലക്ഷങ്ങൾ ആദരിക്കുന്ന ഒരു ആത്മീയ നേതാവിന്റെ മൃതദേഹത്തോട് ഇത്ര വലിയ അനാദരവു കാട്ടിയിട്ടും മൗനം പാലിക്കുന്ന വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾ ഉത്തരം നൽകേണ്ടിവരും. അരുതാത്തത് ഉണ്ടാകുന്പോൾ തിരുത്തേണ്ടവരുടെ മൗനം വരുത്തിയ ദുരന്തം ഒരിക്കലും മായാത്ത കളങ്കമായി നമ്മുടെമേൽ പതിയും.
ലോക്ക്ഡൗണ്‍ നാളുകളിൽ മരിക്കുന്ന ഏക വ്യക്തിയല്ല മാർ ആനിക്കുഴിക്കാട്ടിൽ. മുന്‍പു മരിച്ചവരുടെ സംസ്കാരച്ചടങ്ങുകൾക്കൊന്നും ഇല്ലാത്ത നിയന്ത്രണങ്ങളും നിരോധനങ്ങളും മാർ ആനിക്കുഴിക്കാട്ടിലിന്റെ കാര്യത്തിൽ മാത്രം എങ്ങനെയുണ്ടായി?
സംസ്കാര ശുശ്രൂഷയിൽ 20 പേരെ വരെ പങ്കെടുപ്പിക്കാൻ വ്യവസ്ഥയുള്ളപ്പോൾ അഞ്ച് പേരിൽ ചുരുക്കാൻ ഉത്തരവുണ്ടായതെങ്ങനെ? പിന്നീട് വികാരി ജനറാളിന്റെ് അപേക്ഷ മാനിച്ച് 20 ആയി ഉയർത്തിയതെങ്ങനെ?.
മൃതദേഹം വച്ചിരിക്കുന്ന കത്തീഡ്രൽ പള്ളിക്കുചുറ്റും പോലീസ് സേനയെ വിന്യസിച്ച് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയവരെ തടഞ്ഞതെന്തിന്? 120 പോലീസുകാരെ ഒരേസമയം വിന്യസിച്ച് ജനങ്ങളെ തടയാമെങ്കിൽ എന്തുകൊണ്ടു പോലീസ് നീയന്ത്രണത്തിൽ പൊതുദർശനം അനുവദിച്ചില്ല?.
ഒരു ആത്മീയ നേതാവിന്റെ മൃതദേഹ വാഹനത്തിനു ചുറ്റും റവന്യൂ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് ആളുകളുടെ നോട്ടം തടഞ്ഞതെന്തിന്? കണക്കുപറയേണ്ടിവരും പലരും.
120 പോലീസുകാരെ വിന്യസിച്ചു; എല്ലാ വഴികളും അടച്ചു
മാർ ആനിക്കുഴിക്കാട്ടിലിന്റെ മൃതദേഹം എത്തിക്കുന്ന ഇടുക്കി രൂപതയുടെ സെന്റ് ജോർജ് കത്തീഡ്രലിലേക്കുള്ള എല്ലാ വഴികളും അടച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ 120 പോലീസുകാരെയും ഇടുക്കി കത്തീഡ്രൽ പരിസരത്ത് വിന്യസിച്ചു.
മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽനിന്നും ഭൗതികദേഹം കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിച്ച് അവിടെ ഒരുമണിക്കൂർ നേരം വീട്ടുകാർക്ക് ദർശനത്തിനായി വച്ചശേഷം അലങ്കരിച്ച ആംബുലൻസിൽ നേരേ വാഴത്തോപ്പ് കത്തീഡ്രലിൽ എത്തിക്കുകയായിരുന്നു.
കത്തീഡ്രലിലേക്കുള്ള പ്രധാന വഴി ഒഴികെയുള്ള എല്ലാ വഴികളും പോലീസ് അടച്ചു. കത്തീഡ്രലിനു രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള വഴികളാണ് അടച്ചത്.
ഉത്തരവാദിത്വം ഏറ്റെടുക്കില്ല: ചീഫ് സെക്രട്ടറി
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതികദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് ആൾക്കൂട്ടം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറല്ലെന്ന് ചീഫ് സെക്രട്ടറി. ചീഫ് സെക്രട്ടറി ഉത്തരവാദിത്വത്തിൽനിന്നു കൈകഴുകിയതോടെ ജില്ലാ കളക്ടർ പ്രതിസന്ധിയിലായി.
പിന്നാലെ മുൻ തീരുമാനങ്ങൾ മാറ്റി പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്കും പുതിയ മാർഗനിർദേശം കളക്ടർ പുറത്തിറക്കിയത്. ഇടുക്കി തഹസിൽദാർക്കാണ് ഇവിടുത്തെ നിയന്ത്രണങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്.
കെ.എസ്. ഫ്രാൻസിസ്