എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനാധികാരം ; സർക്കാർ ഏറ്റെടുത്തതിൽ വ്യാപക പ്രതിഷേധം
Friday, March 28, 2025 3:16 AM IST
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനാധികാരം ഏറ്റെടുത്ത സർക്കാർ നിലപാടിനെതിരേ വ്യാപക പ്രതിഷേധം. എയ്ഡഡ് സ്കൂളിൽ ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് പ്രത്യേക സർക്കാർ സമിതികൾ രൂപീകരിച്ചും ഇവർക്ക് ചുമതലകൾ നല്കിക്കൊണ്ടുമാണ് ഉത്തരവിറക്കിയത്.
എയ്ഡഡ് മാനേജ്മെന്റുകളുടെ നിയമനാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നു മാനേജ്മെന്റുകൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു. എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ 1996 മുതൽ മൂന്നു ശതമാനവും 2017 മുതൽ നാലു ശതമാനവുമാണ് ഭിന്നശേഷിക്കാർക്കായി മാറ്റി വയ്ക്കേണ്ടത്.
ഭിന്നശേഷിക്കാർക്കായി അപ്രകാരം മാറ്റിവച്ചിട്ടുള്ള തസ്തികകളിൽ സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്ന് ലഭിക്കുന്ന ലിസ്റ്റുകളിൽനിന്ന് അതത് മാനേജ്മെന്റുകളാണ് ഇതുവരെ നിയമനം നടത്തിവന്നിരുന്നത്.
ആ നിയമനാധികാരമാണ് ഈ മാസം 24 ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലൂടെ മാറ്റിയിരിക്കുന്നത്. പുതിയ സർക്കാർ ഉത്തരവ് പ്രകാരം, സർക്കാർ ശിപാർശ ചെയ്യുന്ന ഉദ്യോഗാർഥികളെ നിയമിക്കേണ്ടത് എയ്ഡഡ് സ്കൂൾ മാനേജർമാരുടെ നിയമപരമായ ബാധ്യതയാണ്. എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിൽ സർക്കാർ ഇടപെടലാണ് ഇതിലൂടെ നടപ്പാക്കുന്നത്.
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ വിവിധ സമയങ്ങളിൽ വ്യത്യസ്ത ഉത്തരവുകൾ ഇറക്കുകയും ഇറക്കിയ ഉത്തരവുകൾ പലതും പിൻവലിക്കുകയും ചെയ്യുന്നതുമെല്ലാം ഭിന്നശേഷി നിയമനം വൈകുന്നതിനിടയാക്കുന്നു.
ഇതു മൂലം മറ്റു നിയമനങ്ങൾക്കുള്ള അംഗീകാരം ലഭിക്കുന്നതിനുള്ള കാലതാമസത്തിനും ഇടയാക്കുന്നു. ഭിന്നശേഷി വിഷയത്തിൽ സർക്കാർ കോടതിയിൽ സമർപ്പിക്കുന്ന വിവിധ പ്രൊപ്പോസലുകളും കോടതിവിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും യാതൊരു കൂടിയാലോചനകളും നടത്താതെയാണെന്നു മാനേജ്മെന്റുകൾ ആരോപിക്കുന്നു.