കുളിക്കാൻ പോയ അമ്മയും മകനും മുങ്ങിമരിച്ച നിലയിൽ
Sunday, March 30, 2025 12:47 AM IST
കൊല്ലങ്കോട്: നെന്മേനിയിൽ വീടിനു സമീപത്തെ കുളത്തിൽ കുളിക്കാൻ പോയ അമ്മയെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി. പറശേരി കലാധരന്റെ ഭാര്യ ബിന്ദു (44), മകൻ സനോജ് (11)എന്നിവരെയാണു മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .
ഇന്നലെ രാവിലെ 11 ന് ഇതേ കുളത്തിൽ കുളിക്കാനെത്തിയ രണ്ടു കുട്ടികളാണ് ബിന്ദു വെള്ളത്തിൽ പൊന്തിക്കിടക്കുന്നതുകണ്ട് നാട്ടുകാരെ അറിയിച്ചത് . സമീപവാസി അറിയിച്ചതിനെത്തുടർന്ന് എത്തിയ കൊല്ലങ്കോട് അഗ്നിരക്ഷാസേന ബിന്ദുവിന്റെ മൃതദേഹം പുറത്തെടുത്തു .
കുളിക്കടവിൽ രണ്ടു ചെറിയ ചെരിപ്പുകൾ കണ്ട സേനാംഗങ്ങൾ ലോട്ടറി വില്പനയ്ക്കു പോയിരുന്ന ബിന്ദുവിന്റെ ഭർത്താവ് കലാധരനുമായി ബന്ധപ്പെട്ടശേഷം നടത്തിയ തെരച്ചിലിലാണ് സനോജിന്റെ മൃതദേഹം കണ്ടെത്തിയത്.
ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ കൊല്ലങ്കോട് പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഇന്നു കാലത്ത് ഒന്പതിനു നെന്മേനി വാതകശ്മശാനത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിക്കും.
പുതുനഗരം മുസ്ലിം ഹൈസ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് സനോജ്. സനൂജ കലാധരന്റെ മകളാണ്.