കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ് പ്രതികളെ വിചാരണചെയ്യാന്‍ അനുമതി നല്‍കാനാകില്ല: സര്‍ക്കാര്‍
Saturday, March 29, 2025 2:07 AM IST
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രതികളായ മുന്‍ ചെയര്‍മാനെയും മുൻ എംഡിയെയും വിചാരണചെയ്യാന്‍ അനുമതി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു.
ഐഎന്‍ടിയുസി നേതാവായ മുന്‍ ചെയര്മാന് ആര്. ചന്ദ്രശേഖരന്, മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷ് എന്നിവര്‍ക്കെതിരായ പ്രോസിക്യുഷന് അനുമതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതിനെതിരേ കൊല്ലം സ്വദേശി കടകംപള്ളി മനോജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
സര്‍ക്കാര്‍ വിശദീകരണം രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കിയ ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ തീരുമാനം ഹര്ജിക്കാരന് ചോദ്യം ചെയ്യാമെന്നും വ്യക്തമാക്കി.
പ്രോസിക്യുഷന് അനുമതി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിന്റെയും മറ്റും അടിസ്ഥാനത്തില്‍ നേരത്തേതന്നെ തീരുമാനിച്ചതാണെന്നും ഇക്കാര്യം പുനഃപരിശോധിക്കാനാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
2006-15 കാലഘട്ടത്തില്‍ കശുവണ്ടി വികസന കോര്പറേഷന് അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് ആരോപണം. ഹൈക്കോടതി നിര്‍ദേശപ്രകാരം 2016ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.