തൃശൂരിലെ മയക്കുമരുന്നു പ്രതി കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു
Sunday, March 30, 2025 12:47 AM IST
തൃശൂർ: തൃശൂരിൽ എംഡിഎംഎ വില്പന നടത്തിയ കേസിൽ പിടിയിലായ യുവാവ് പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു. മനക്കൊടി സ്വദേശി ആൽവിനാണ് ബംഗളൂരുവിൽ തെളിവെടുപ്പിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ചു ചാടിപ്പോയത്.
ഇന്നലെ പുലർച്ചെ ഒരുമണിക്കാണ് സംഭവം. നെടുപുഴയിൽ വാടകവീട്ടിൽ എംഡിഎംഎ തൂക്കിവില്പന നടത്തിയ കേസിലെ പ്രതിയാണ് ആൽവിൻ. ആൽവിനെ കണ്ടെത്താൻ തെരച്ചിലിനു കൂടുതൽ പോലീസുകാർ ബംഗളൂരുവിലെത്തിയിട്ടുണ്ട്.
ഈ മാസം ആദ്യമാണ് തൃശൂർ നെടുപുഴയിലെ വീട്ടിൽ എംഡിഎംഎ വിൽക്കുന്നുണ്ടെന്ന രഹസ്യവിവരം അനുസരിച്ച് പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ, പോലീസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി ഓടിരക്ഷപ്പെട്ട ആൽവിൻ ബംഗളൂരുവിലും ഡൽഹിയിലും ഒളിവിൽ കഴിഞ്ഞശേഷം മടങ്ങി തൃശൂരിലെത്തിയപ്പോഴാണ് റെയിൽവേ സ്റ്റേഷനിൽനിന്നു പിടികൂടിയത്. തുടർന്ന് തെളിവെടുപ്പിനായി പ്രതിയുമായി ബംഗളൂരുവിലേക്കു തിരിച്ച പോലീസ് രാത്രി ഹൊസൂരിലെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു.
ഉദ്യോഗസ്ഥർ ഉറങ്ങിയ സമയത്തു കട്ടിലിനോടുചേർത്തു ബന്ധിച്ചിരുന്ന വിലങ്ങ് അഴിച്ചുമാറ്റിയാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് സൂചന. വിവരം കർണാടക പോലീസിനും കൈമാറിയിട്ടുണ്ട്.