കേരളത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമെന്ന് ധനമന്ത്രി
Saturday, March 29, 2025 2:07 AM IST
കൊല്ലം: കേരളത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമാണെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ഏപ്രിൽ ഒന്നു മുതൽ ട്രഷറി ഇടപാടുകൾ നടക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികവർഷം അവസാനിക്കാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കുമ്പോൾ സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമല്ലാത്ത തരത്തിലാണ്.
ഏപ്രിൽ ഒന്നിനുതന്നെ സർക്കാർ ജീവനക്കാർക്കു ശമ്പളവും പെൻഷൻകാർക്ക് പെൻഷനും നൽകാൻ കഴിയുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കേന്ദ്രത്തിൽനിന്നു നമുക്ക് അർഹമായ സാമ്പത്തിക സഹായം പോലും കൃത്യമായി കിട്ടുന്നില്ല. രാഷ്ട്രീയ വിവേചനമാണ് കേന്ദ്രം കേരളത്തോടും മറ്റ് ചില സംസ്ഥാനങ്ങളോടും കാണിക്കുന്നത്.
കേന്ദ്രവുമായി പരമാവധി സഹകരിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. നമ്മളേക്കാൾ സമ്പന്നമായ പല സംസ്ഥാനങ്ങൾക്കും കൃത്യസമയത്ത് ശമ്പളം പോലും കൊടുക്കാൻ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
തെലുങ്കാന, കർണാടക, ഹിമാചൽ പ്രദേശ്, ഒഡീഷ തുടങ്ങി സംസ്ഥാനങ്ങളെല്ലാം ഇതിന് ഉദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി.