ഓട്ടോറിക്ഷയില്‍ രേഖകളില്ലാതെ കടത്തിയ 2.70 കോടി പിടികൂടി
Sunday, March 30, 2025 1:38 AM IST
കൊച്ചി: ഇടക്കൊച്ചിയില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍നിന്ന് കണക്കില്‍പ്പെടാത്ത 2.70 കോടി രൂപ പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്നുപേരെ എറണാകുളം ഹാര്‍ബര്‍ പോലീസ് പിടികൂടി. ഇന്നലെ ഉച്ചയോടെ ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപത്തെ വാക്ക്വേയിലായിരുന്നു സംഭവം.
ഓട്ടോ ഡ്രൈവറായ കടവന്ത്രയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി രാജഗോപാല്‍ (40), എളമക്കരയില്‍ താമസിക്കുന്ന തുണിക്കട ഉടമ രാജ മുഹമ്മദ്, എറണാകുളം ബ്രോഡ്വേയിലെ ക്യൂട്ട് ക്ലോത്തിംഗ് കമ്പനി എന്ന തുണിക്കടയിലെ ജീവനക്കാരനും ബിഹാര്‍ സ്വദേശിയുമായ സബീഷ് അഹമ്മദ് (25) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. തുണിക്കട ഉടമയുടേതാണ് പണമെന്നാണ് വിവരം.
ഇന്നലെ ഉച്ചയോടെ ഹാര്‍ബര്‍ സ്റ്റേഷനിലെ പോലീസ് സംഘം പട്രോളിംഗിന്റെ ഭാഗമായി ഇതുവഴി പോകുന്നതിനിടെ വാക്ക്വേയില് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ഡ്രൈവറും ബിഹാര്‍ സ്വദേശിയും പോലീസിനെ കണ്ടതോടെ പരുങ്ങുന്നതു കണ്ടു. സംശയം തോന്നി വാഹനം പരിശോധിച്ചതോടെ പണം കണ്ടെത്തുകയായിരുന്നു. മൂന്ന് ബിഗ് ഷോപ്പറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് പണം തുണിക്കട ഉടമയുടേതാണെന്ന് വ്യക്തമായി. പോലീസ് അറിയിച്ച പ്രകാരം തുണിക്കട ഉടമ സ്ഥലത്തെത്തി. പണം സ്ഥലക്കച്ചവടത്തിന്റെ ആവശ്യത്തിനായി കൊടുത്തുവിട്ടതാണെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി. കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.